Friday, November 13, 2026

ലഗേജ് ടാഗ് മാറ്റി മയക്കുമരുന്ന് കടത്ത്: വിമാനക്കമ്പനികള്‍ക്കെതിരെ നിയമപോരാട്ടത്തിന് കനേഡിയന്‍ യാത്രക്കാര്‍

ടൊറന്റോ: ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന ലഗേജ് ടാഗ് തട്ടിപ്പില്‍ കുടുങ്ങി വിദേശ ജയിലുകളില്‍ ശിക്ഷ അനുഭവിച്ച യാത്രക്കാര്‍ നിയമനടപടിയിലേക്ക്. ഇരുപത്തിനാലിലധികം പേരില്‍ 11 പേരാണ് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ഓരോ കേസിലും 1,00,000 മുതല്‍ 10 ലക്ഷം ഡോളര്‍ വരെ നഷ്ടപരിഹാരമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സിടിവി ന്യൂസിന്റെ ‘ഡബ്ല്യു 5’ (W5) അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ ബാഗുകളിലെ ടാഗുകള്‍ മാറ്റി മയക്കുമരുന്ന് നിറച്ച ബാഗുകളില്‍ ഒട്ടിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തില്‍ വെച്ച് മയക്കുമരുന്ന് സംഘത്തിലെ കൂട്ടാളികള്‍ ഈ ബാഗുകള്‍ കൈക്കലാക്കുകയാണ് പതിവ്. എന്നാല്‍ പരിശോധനയില്‍ മയക്കുമരുന്ന് പിടിക്കപ്പെട്ടാല്‍ കടത്തുകാര്‍ പിന്മാറുകയും, ടാഗിലുള്ള പേരിന്റെ ഉടമയായ നിരപരാധിയായ യാത്രക്കാരന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്യുന്നു.

വിദേശ മണ്ണില്‍ അനുഭവിച്ച കടുത്ത മാനസികാഘാതത്തിനും സാമ്പത്തിക നഷ്ടത്തിനും പകരമായി വിമാനക്കമ്പനികള്‍ തുച്ഛമായ തുകയാണ് വാഗ്ദാനം ചെയ്തതെന്ന് ഇരകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് 25 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അഭിഭാഷകന്‍ പോള്‍ മില്ലര്‍ മുഖേന ഓരോ കേസിലും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുന്നത്.

യാത്രക്കാരില്‍ നിന്ന് ബാഗുകള്‍ ഏറ്റുവാങ്ങുന്ന വിമാനക്കമ്പനികള്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടി എയര്‍ കാനഡ, എയര്‍ ട്രാന്‍സാറ്റ്, വെസ്റ്റ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെയും ട്രാന്‍സ്‌പോര്‍ട്ട് കാനഡയെയും ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റിയെയും (GTAA) ഒന്നിച്ച് പ്രതിചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യുന്നത്. ചെക്ക്-ഇന്‍ മുതല്‍ ഡെലിവറി വരെയുള്ള ഘട്ടങ്ങളില്‍ വിവിധ ഏജന്‍സികള്‍ ഉള്‍പ്പെടുന്നതിനാല്‍ നിയമപരമായ പരിശോധനകള്‍ക്ക് ശേഷമേ ഉത്തരവാദിത്തം നിര്‍ണ്ണയിക്കാനാകൂ എന്നാണ് വിമാനക്കമ്പനികളുടെ നിലപാട്. ബാഗേജ് സുരക്ഷയുടെ മേല്‍നോട്ടം തങ്ങള്‍ക്കല്ലെന്ന് വിമാനത്താവള അതോറിറ്റി കൈയൊഴിഞ്ഞപ്പോള്‍, സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി വ്യക്തമാക്കി.

സെപ്റ്റംബറില്‍ നടന്ന നാനോസ് റിസര്‍ച്ച് സര്‍വേ പ്രകാരം മൂന്നില്‍ രണ്ട് കനേഡിയന്‍ പൗരന്മാരും ലഗേജ് ടാഗ് മാറ്റല്‍ തട്ടിപ്പിനെക്കുറിച്ച് ആശങ്കാകുലരാണ്. 48 ശതമാനം പേര്‍ക്കും ചെക്ക്ഡ് ലഗേജ് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, 44 ശതമാനം പേര്‍ ലഗേജ് രസീതുകള്‍ സൂക്ഷിക്കാനും ബാഗുകളില്‍ എയര്‍ടാഗ് (AirTag) പോലുള്ള ട്രാക്കറുകള്‍ ഘടിപ്പിക്കാനും തുടങ്ങിയതായും സര്‍വേ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!