Friday, November 13, 2026

ക്വാൽകോമിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിൽ 1,000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

ബെംഗളൂരു: അമേരിക്കൻ ചിപ്പ് നിർമാതാക്കളായ ക്വാൽകോം ഇന്ത്യയിൽ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ആഗോളതലത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. ഇന്ത്യയിൽ ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നവംബർ 9 മുതൽ ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള മുതിർന്ന എൻജിനീയർമാരും ജീവനക്കാരും ആദ്യഘട്ടത്തിൽ തന്നെ നടപടിക്ക് ഇരയായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡൽഹി-എൻസിആർ, ചെന്നൈ എന്നിവിടങ്ങളിലെ എൻജിനീയറിങ്, ഗവേഷണ വിഭാഗങ്ങളിലേക്കും പിരിച്ചുവിടൽ വ്യാപിച്ചേക്കുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ജീവനക്കാരിൽ 6 ശതമാനം വരെ ആളുകളെ ബാധിച്ചേക്കും

ഇന്ത്യയിൽ ഏതെല്ലാം തസ്തികകളിലുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്ന് ക്വാൽകോം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ രാജ്യത്തെ ഏകദേശം 20,000 ജീവനക്കാരിൽ അഞ്ച് മുതൽ ആറ് ശതമാനം വരെ ആളുകളെ പുനഃസംഘടന ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആയിരത്തോളം പേർക്ക് ജോലി നഷ്ടമാകാൻ സാധ്യതയുണ്ട്.

പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് ഒന്ന് മുതൽ അഞ്ച് മാസം വരെയുള്ള ശമ്പളത്തിന് തുല്യമായ തുകയും അധിക നഷ്ടപരിഹാരവും നൽകാൻ കമ്പനി വാഗ്ദാനം ചെയ്തതായാണ് വിവരം. മൂന്ന് ദിവസത്തിനുള്ളിൽ എക്സിറ്റ് രേഖകളിൽ ഒപ്പിടുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം കൂടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മുതിർന്ന എൻജിനീയർമാരും പട്ടികയിൽ

വർഷങ്ങളുടെ പരിചയസമ്പത്തും മികച്ച പ്രവർത്തനമികവും ഉള്ള ജീവനക്കാരും പിരിച്ചുവിടലിന് ഇരയായതായാണ് റിപ്പോർട്ടുകൾ. നഷ്ടപരിഹാര പാക്കേജുകളും ബോണസ് പേയ്മെന്റുകളും സാമ്പത്തിക ആശ്വാസം നൽകുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ തൊഴിൽനഷ്ടത്തിൽ ജീവനക്കാർ നിരാശയിലാണ്. അതേസമയം, കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ക്വാൽകോം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കും

ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ക്വാൽകോം ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യാനോ അമോൺ ഒക്ടോബർ 20ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിലും പുനഃസംഘടനാ നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ചിപ്പ് നിർമാണ-സാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ചെലവുചുരുക്കൽ നടപടികൾക്കിടയിൽ ക്വാൽകോമിന്റെ തീരുമാനം ഇന്ത്യൻ ടെക് തൊഴിൽ മേഖലയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!