ഡബ്ലിന്‍: റഷ്യ-യുക്രെയ്ന്‍ അടുത്തഘട്ട സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന യുഎസ് വാഗ്ദാനത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി സ്വാഗതം ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഡബ്ലിനില്‍ യുഎസ് പ്രതിനിധികളായ ജാരെഡ് കുഷ്നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയനെ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച അബുദാബിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കുഷ്നര്‍-വിറ്റ്കോഫ് സംഘം ഡബ്ലിനിലെത്തി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയത്. ഇവര്‍ നേരത്തെ മോസ്‌കോയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കണ്ടിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട റഷ്യയുടെ നിലപാടിലും പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന ആവശ്യത്തിലും മാറ്റമില്ലെന്ന് പുടിന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 2022-ല്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റത്തിന് ഇരുരാജ്യങ്ങളും വ്യാഴാഴ്ച ധാരണയായി.

സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയനെ ഉള്‍പ്പെടുത്തണമെന്നത് വര്‍ഷങ്ങളായുള്ള സെലന്‍സ്‌കിയുടെ ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വമെന്ന കീവിന്റെ ദീര്‍ഘകാല ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുമായി യുഎസ് അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും, ചര്‍ച്ചകളില്‍ അവരുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് പുടിനെ ബോധ്യപ്പെടുത്തിയതായും ജാരെഡ് കുഷ്നര്‍ പറഞ്ഞു. ഇതിനൊരു അവസരം നല്‍കാന്‍ പുടിന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തോട് മോസ്‌കോ നേരത്തെ വിമുഖത പ്രകടിപ്പിച്ചിരുന്നെങ്കിലും, യുദ്ധാനന്തര യൂറോപ്പിന്റെ ഭാവി നിര്‍ണയിക്കുന്ന നീക്കങ്ങളില്‍ തങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന ഉറച്ച നിലപാടിലാണ് യൂറോപ്യന്‍ നേതാക്കള്‍. യൂറോപ്പ് ഒരു പ്രധാന ശക്തിയാണെന്ന് ക്രെംലിന്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചര്‍ച്ചകളിലെ യൂറോപ്യന്‍ പ്രതിനിധികളുടെ സാന്നിധ്യമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റും വിദേശകാര്യ മേധാവിയുമായ കായ കല്ലാസ് ബിബിസിയോട് പ്രതികരിച്ചു. നിലവില്‍ യുക്രെയ്നിന്റെ ഏകദേശം അഞ്ചിലൊന്ന് പ്രദേശം റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്; അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും ഇപ്പോഴും തുടരുകയാണ്.
