Friday, November 13, 2026

നാല് വര്‍ഷത്തിനുള്ളില്‍ കാല്‍ഗറിയുടെ കടം ഇരട്ടിയിലധികമാകും; നികുതിഭാരം വര്‍ധിച്ചേക്കും

കാല്‍ഗറി: വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍
നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാല്‍ഗറിയുടെ പൊതുകടം 2030-ഓടെ ഇരട്ടിയിലധികമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച അവതരിപ്പിച്ച നാല് വര്‍ഷത്തെ കരട് ബജറ്റ് രേഖകള്‍ പ്രകാരം നഗരത്തിന്റെ ആകെ കടം നിലവിലുള്ള 380 കോടി ഡോളറില്‍ (3.8 ബില്യണ്‍) നിന്ന് 2030-ഓടെ 1,000 കോടി ഡോളറിന് (10 ബില്യണ്‍) മുകളിലെത്തും. നവംബര്‍ 23 മുതലാണ് സിറ്റി കൗണ്‍സില്‍ ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ഒരാളുടെ പേരിലുള്ള ശരാശരി കടബാധ്യത (Net outstanding debt per capita) നിലവിലുള്ള 2,395 ഡോളറില്‍ നിന്ന് 5,943 ഡോളറായി ഉയരും. ഇതോടെ നഗരത്തിന്റെ ആകെ കടമെടുപ്പ് പരിധിയുടെ 80 ശതമാനത്തിലേക്ക് കാല്‍ഗറി എത്തും. 2022 മുതല്‍ ഇത് ഏകദേശം 40 ശതമാനമായി നിലനിര്‍ത്തിപ്പോരുകയായിരുന്നു. 2,100 കോടി ഡോളറിന്റെ നാല് വര്‍ഷത്തെ മൂലധന ബജറ്റില്‍ പുതിയ പദ്ധതികള്‍ക്കായി 290 കോടി ഡോളറിന്റെ പുതിയ കടമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിനായി പ്രോപ്പര്‍ട്ടി നികുതി വര്‍ധിപ്പിക്കേണ്ടി വരുമെന്നും ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.

ഗ്രീന്‍ ലൈന്‍ എല്‍.ആര്‍.ടി (Green Line LRT) പദ്ധതി, ജലവിതരണ ശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണം, പുതിയ ബസുകള്‍, റോഡുകളുടെയും നടപ്പാതകളുടെയും വികസനം എന്നിവയ്ക്കായാണ് പ്രധാനമായും ഈ തുക വിനിയോഗിക്കുന്നത്. മുന്‍ കൗണ്‍സിലുകള്‍ അംഗീകരിച്ച വെര്‍ക്ക്ലന്‍ഡ് സെന്റര്‍ നവീകരണം, ബി.എം.ഒ സെന്റര്‍ വികസനം, സ്‌കോട്ടിയ പ്ലേസ് ഇവന്റ് സെന്റര്‍ തുടങ്ങിയ പദ്ധതികളുടെ ബാധ്യതകളും ഇതില്‍ ഉള്‍പ്പെടുന്നു.

35 വര്‍ഷത്തിലധികം നിലനില്‍ക്കുന്ന ആസ്തികള്‍ നിര്‍മ്മിക്കുമ്പോള്‍ സാധാരണ കുടുംബങ്ങള്‍ വീടിന് വായ്പയെടുക്കുന്നത് പോലെ തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുന്നത് ഉചിതമാണെന്ന് മേയര്‍ ജെറോമി ഫാര്‍ക്കാസ് അഭിപ്രായപ്പെട്ടു. നിലവിലുള്ള നികുതിദായകര്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കടബാധ്യത കുത്തനെ ഉയരുന്നത് ഭാവിയിലെ തിരിച്ചടവുകളെ ബാധിക്കുമെന്ന് വാര്‍ഡ് 10 കൗണ്‍സിലര്‍ ആന്ദ്രെ ഷാബോട്ട് ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള 25 വര്‍ഷത്തെ വായ്പാ തിരിച്ചടവ് കാലാവധി 50 വര്‍ഷമായി ഉയര്‍ത്താന്‍ പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 40 അല്ലെങ്കില്‍ 50 വര്‍ഷത്തെ ദീര്‍ഘകാല ബോണ്ടുകള്‍ക്ക് വിപണിയില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കേണ്ടി വരുമെന്ന് സിറ്റി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലെസ് ടോച്ചര്‍ ചൂണ്ടിക്കാട്ടി. പുതിയ കടം തിരിച്ചടയ്ക്കുന്നതിനായി 2028-ല്‍ 1.1 ശതമാനവും 2029-ല്‍ 2.2 ശതമാനവും 2030-ല്‍ 1.9 ശതമാനവും അധിക പ്രോപ്പര്‍ട്ടി നികുതി വരുമാനം ആവശ്യമായി വരും. 2030-ഓടെ കടം തിരിച്ചടവിനായി മാത്രം പ്രതിവര്‍ഷം ഏകദേശം 5 കോടി ഡോളര്‍ നീക്കിവെക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!