Friday, November 13, 2026

പ്രതിസന്ധിക്ക് വിരാമം; പിരിച്ചുവിട്ട 175 തൊഴിലാളികളെയും തിരിച്ചുവിളിച്ച് സ്റ്റെല്‍ക്കോ

ഹാമില്‍ട്ടണ്‍: ഫെഡറല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തിനും നിയമനടപടി ഭീഷണികള്‍ക്കും ഒടുവില്‍, താത്കാലികമായി പിരിച്ചുവിട്ട 175 തൊഴിലാളികളെ തിരിച്ചെടുക്കാന്‍ സ്റ്റെല്‍ക്കോയുടെ (Stelco) മാതൃകമ്പനിയായ ക്ലീവ്ലാന്‍ഡ്-ക്ലിഫ്‌സ് (Cleveland-Cliffs) തീരുമാനിച്ചു. പിരിച്ചുവിടപ്പെട്ട കാലയളവിലെ വേതനം പൂര്‍ണ്ണമായി നല്‍കുമെന്നും കമ്പനി സമ്മതിച്ചു. ഡിസംബര്‍ ഒന്നിന് എല്ലാ തൊഴിലാളികളും ജോലിയില്‍ തിരികെ പ്രവേശിക്കുമെന്ന് കമ്പനി അറിയിച്ചു.

സ്റ്റെല്‍ക്കോയുടെ ഹാമില്‍ട്ടണ്‍ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ ഉപഭോക്തൃ ഓര്‍ഡറുകള്‍ ലഭിച്ചതിനാലാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികള്‍ കാണിച്ച ക്ഷമയ്ക്കും സഹകരണത്തിനും സ്റ്റെല്‍ക്കോ പ്രസിഡന്റ് പോള്‍ സൈമണ്‍ നന്ദി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതിലാകാന്‍ ഏതാനും ആഴ്ചകള്‍ എടുക്കുമെങ്കിലും പിരിച്ചുവിടപ്പെട്ട കാലയളവിലെ സാധാരണ വേതനത്തിന് തുല്യമായ തുക തൊഴിലാളികള്‍ക്ക് നല്‍കുമെന്നും കമ്പനി ഉറപ്പുനല്‍കി.

അമേരിക്കന്‍ താരിഫുകളും വിപണിയിലെ ആവശ്യകത കുറഞ്ഞതും ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനി 175 തൊഴിലാളികളെ പിരിച്ചുവിട്ടത്. എന്നാല്‍ 2024-ല്‍ സ്റ്റെല്‍ക്കോയെ ഏറ്റെടുക്കുമ്പോള്‍ കനേഡിയന്‍ സര്‍ക്കാരിന് നല്‍കിയ തൊഴില്‍ സുരക്ഷാ ഉറപ്പുകളുടെ ലംഘനമാണിതെന്ന് വ്യവസായ മന്ത്രി മെലാനി ജോളി (Mélanie Joly) വ്യക്തമാക്കിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ സ്റ്റെല്‍ക്കോ വില്‍ക്കാന്‍ കോടതി ഉത്തരവ് തേടുമെന്നും കമ്പനിക്കെതിരെ കോമ്പറ്റീഷന്‍ ബ്യൂറോ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിയമവാഴ്ചയുള്ള രാജ്യത്ത് കരാറുകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും തൊഴിലാളികള്‍ക്കായി നടത്തിയ പോരാട്ടം വിജയിച്ചതായും ഹാമില്‍ട്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മെലാനി ജോളി പറഞ്ഞു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ് കമ്പനിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്ന് യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് റോണ്‍ വെല്‍സ് പ്രതികരിച്ചു. അവധിക്കാലത്തിന് മുന്നോടിയായി ജോലി തിരികെ ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!