Tuesday, November 17, 2026

കാനഡയുടെ ബിൽ C -22: എൻക്രിപ്ഷൻ സംവിധാനം ദുർബലമാക്കാൻ അനുവദിക്കില്ലെന്ന് Meta

ടൊറന്റോ: കാനഡയുടെ പുതിയ നിയമനിര്‍മ്മാണം എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ദുര്‍ബലമാക്കാന്‍ നിര്‍ബന്ധിച്ചാല്‍ അത് അനുസരിക്കാന്‍ കഴിയില്ലെന്ന് ടെക് ഭീമനായ മെറ്റ. വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സുരക്ഷിത സന്ദേശമയയ്ക്കല്‍ സേവനങ്ങളില്‍ എന്‍ക്രിപ്ഷന്‍ ദുര്‍ബലപ്പെടുത്താന്‍ ആവശ്യപ്പെടുന്ന മന്ത്രിതല ഉത്തരവുകളോട് സഹകരിക്കില്ലെന്നാണ് മെറ്റയുടെ നിലപാട്. കനേഡിയന്‍ സെനറ്റില്‍ ചര്‍ച്ചയിലിരിക്കുന്ന നിയമപരമായ പ്രവേശന ബില്ലായ ബില്‍ സി-22-നെതിരെയാണ് മെറ്റ രംഗത്തെത്തിയത്.

എന്‍ക്രിപ്ഷന്‍ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യം വന്നാല്‍ എല്ലാ സാധ്യതകളും കമ്പനി വിലയിരുത്തുമെന്ന് മെറ്റ കാനഡയുടെ പബ്ലിക് പോളിസി മേധാവി റേച്ചല്‍ കറന്‍ വ്യക്തമാക്കി. ഉപയോക്താക്കളെ അപകടത്തിലാക്കുന്ന രീതിയില്‍ തങ്ങളുടെ എന്‍ക്രിപ്റ്റ് ചെയ്ത സേവനങ്ങള്‍ ദുര്‍ബലപ്പെടുത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന് അവര്‍ ദി ഗ്ലോബ് ആന്‍ഡ് മെയിലിനോട് പറഞ്ഞു. സമാനമായ ഉത്തരവ് ബ്രിട്ടനില്‍ ലഭിച്ചപ്പോള്‍ ആപ്പിള്‍ തങ്ങളുടെ എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് ബാക്കപ്പ് സേവനം രാജ്യത്ത് നിന്ന് പിന്‍വലിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

പോലീസ് സേനകള്‍ക്കും കനേഡിയന്‍ സുരക്ഷാ ഇന്റലിജന്‍സ് സര്‍വീസിനും രഹസ്യ നിരീക്ഷണ ശേഷികള്‍ നല്‍കുന്നതിനായി ഇലക്ട്രോണിക് സേവന ദാതാക്കളുടെ സിസ്റ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുന്നതാണ് ബില്‍ സി-22. ഈ ബില്‍ പാസായാല്‍ കമ്പനികള്‍ക്ക് രഹസ്യമായി സൂക്ഷിക്കേണ്ട മന്ത്രിതല ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പൊതു സുരക്ഷാ മന്ത്രിക്ക് അധികാരം ലഭിക്കും. നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കായി സിസ്റ്റങ്ങളില്‍ ബാക്ക്ഡോറുകള്‍ നിര്‍മ്മിക്കുന്നത് ഹാക്കര്‍മാര്‍ക്കും ശത്രു രാജ്യങ്ങള്‍ക്കും ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുമെന്നും, ഇത് അമേരിക്കയിലെ ഉപയോക്താക്കളുടെ സുരക്ഷയെയും ബാധിക്കുമെന്നും റേച്ചല്‍ കറന്‍ മുന്നറിയിപ്പ് നല്‍കി.

ഉപഭോക്താക്കളുടെ മെറ്റാഡാറ്റ ആറ് മാസം വരെ സൂക്ഷിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്ന ബില്ലിലെ വ്യവസ്ഥയെയും മെറ്റ എതിര്‍ത്തു. ഇത് എല്ലാ കനേഡിയന്‍ പൗരന്മാരെയും സാധ്യതയുള്ള കുറ്റവാളികളായി കണക്കാക്കുന്ന ഒരു നിരീക്ഷണ ഡാറ്റാബേസ് സൃഷ്ടിക്കുമെന്ന് കറന്‍ ആരോപിച്ചു. ഗൂഗിള്‍, സിഗ്‌നല്‍, സ്വിസ് സ്വകാര്യതാ കമ്പനിയായ പ്രോട്ടോണ്‍ എന്നിവരും ബില്ലിനെതിരെ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ കാനഡയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് സിഗ്‌നല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബില്‍ സി-22 വിവേചനരഹിതമായ നിരീക്ഷണത്തിന് അനുമതി നല്‍കുന്നില്ലെന്നും സിസ്റ്റങ്ങളില്‍ ബാക്ക്ഡോറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്നില്ലെന്നും പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയുടെ വക്താവ് സൈമണ്‍ ലാഫോര്‍ച്യൂണ്‍ പ്രതികരിച്ചു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ നിയമപ്രകാരമുള്ള ബാധ്യതയില്ലെന്ന് ബില്ലിലെ ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, സെനറ്റ് ബില്‍ പരിഗണിക്കുമ്പോള്‍ സേവന ദാതാക്കളുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!