ബെയ്ജിങ്: ചൈനയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താരിഫ് കരാർ വിപുലീകരിച്ച് കാനഡ. ഏകദേശം 400 മില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ നികുതിയിളവ് ലഭിക്കും. പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം.
പന്നിയിറച്ചി, സമുദ്രവിഭവങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും താരിഫ് ഇളവ് ലഭിക്കുക. 116 മില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ പന്നിയിറച്ചി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന പൂർണമായും ഒഴിവാക്കി. ലോബ്സ്റ്റർ, ഞണ്ട്, പയർവർഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ഇളവുകളും നീട്ടിയിട്ടുണ്ട്.

കരാറിന്റെ ഭാഗമായി ചൈനീസ് സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് കാനഡയും താരിഫ് ഇളവുകൾ അനുവദിച്ചു. 23 സ്റ്റീൽ ഇനങ്ങൾക്കും ഒമ്പത് അലുമിനിയം ഇനങ്ങൾക്കുമാണ് ഇളവ്. പുതിയ കരാറിന്റെ കാലാവധി 2028 ഡിസംബർ 31 വരെയാണ്.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് പുതിയ തീരുമാനങ്ങളൊന്നും യോഗത്തിൽ ഉണ്ടായില്ല. എന്നാൽ ജനുവരിയിലെ കരാർ പ്രകാരം ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കാനഡ കുറച്ചിരുന്നു. മാർച്ച് മുതൽ 16,211 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കാനഡയിലെത്തിയതായും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
