Thursday, November 19, 2026

50 വര്‍ഷത്തിനുളളില്‍ കാനഡയുടെ മതവിശ്വാസ ഘടനയില്‍ വന്‍ മാറ്റത്തിന് സാധ്യത: റിപ്പോര്‍ട്ട്

ഓട്ടവ: 2070-ഓടെ കാനഡയുടെ മതപരമായ ഘടനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ (Pew Research Center) പുതിയ പഠന റിപ്പോര്‍ട്ട്. നിലവില്‍ കാനഡയിലെ ഭൂരിപക്ഷ മതമായ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം ജനസംഖ്യയുടെ മൂന്നിലൊന്നായി ചുരുങ്ങുമ്പോള്‍, ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ രാജ്യത്തെ ഏറ്റവും വലിയ വിഭാഗമായി മാറുമെന്നാണ് പ്രവചനം. അടുത്ത ദശകത്തിനുള്ളില്‍ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാനഡയിലെ മാറ്റങ്ങള്‍

പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം 2020-ല്‍ കാനഡയിലെ ജനസംഖ്യയുടെ 53.3 ശതമാനം ക്രിസ്ത്യാനികളായിരുന്നു. എന്നാല്‍ 2070-ഓടെ ഇത് 33.3 ശതമാനമായി കുറയും. ഇതേ കാലയളവില്‍, ഒരു മതവുമായും ബന്ധമില്ലാത്തവരുടെ എണ്ണം 34.6 ശതമാനത്തില്‍ നിന്ന് 40.5 ശതമാനമായി ഉയരും. കാനഡയിലെ മുസ്ലിം ജനസംഖ്യയിലും വലിയ വര്‍ധനയുണ്ടാകും. 2020-ലെ 4.9 ശതമാനത്തില്‍ നിന്ന് 2070-ഓടെ ഇത് 15.6 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. ക്രിസ്തുമത വിശ്വാസികളായി സ്വയം സാക്ഷ്യപ്പെടുത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും മതരഹിതരുടെ വര്‍ധനയുമാണ് കാനഡയിലെ ഈ മാറ്റത്തിന് പിന്നില്‍.

ആഗോളതലത്തില്‍ ഇസ്ലാം മുന്നിലേക്ക്

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗം ക്രിസ്തുമതമാണെങ്കിലും 2035-ഓടെ ഈ സ്ഥാനം ഇസ്ലാം മതം സ്വന്തമാക്കും. 2020-ല്‍ ലോകത്ത് ഏകദേശം 230 കോടി ക്രിസ്ത്യാനികളും 200 കോടി മുസ്ലിങ്ങളുമാണ് ഉണ്ടായിരുന്നത്. 2035-ഓടെ മുസ്ലിം ജനസംഖ്യ 257 കോടിയായും ക്രിസ്ത്യന്‍ ജനസംഖ്യ 252 കോടിയായും മാറും. 2070-ഓടെ മുസ്ലിം ജനസംഖ്യ 360 കോടി കടക്കുമ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം ഏകദേശം 300 കോടിയായിരിക്കും.ആഗോള ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ വിഹിതം 2020-ലെ 25.6 ശതമാനത്തില്‍ നിന്ന് 2070-ല്‍ 35.8 ശതമാനമായി ഉയരും. ക്രിസ്ത്യാനികളുടെ വിഹിതം 28.8 ശതമാനത്തില്‍ നിന്ന് 29.1 ശതമാനമായി നേരിയ തോതില്‍ വര്‍ധിക്കും. രണ്ട് മതവിഭാഗങ്ങളിലും ജനസംഖ്യാ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും മുസ്ലിം ജനസംഖ്യ വളരെ വേഗത്തില്‍ വളരുന്നതാണ് ഈ മാറ്റത്തിന് കാരണം.

ജനനനിരക്കും മതപരിവര്‍ത്തനവും

ഉയര്‍ന്ന ജനനനിരക്കാണ് ആഗോളതലത്തിലെ ഈ മാറ്റത്തിന്റെ പ്രധാന കാരണം. 2020-നും 2025-നും ഇടയില്‍ ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികള്‍ വീതമുള്ളപ്പോള്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ ഇത് 2.5 ആണ്. മറ്റ് മതവിഭാഗങ്ങളില്‍ ഇത് 1.6 മാത്രമാണ്. അടുത്ത അഞ്ച് ദശകത്തിനുള്ളില്‍ സ്വാഭാവിക ജനസംഖ്യാ വര്‍ദ്ധനവിലൂടെ (ജനനവും മരണവും തമ്മിലുള്ള വ്യത്യാസം) മുസ്ലിം ജനസംഖ്യയില്‍ 160 കോടി ആളുകളുടെ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഇത് 79.2 കോടി ആയിരിക്കും.

മതപരിവര്‍ത്തനവും (Religious switching) ജനസംഖ്യാ കണക്കുകളെ സ്വാധീനിക്കുന്നുണ്ട്. മതം മാറുന്നതിലൂടെ ഇസ്ലാം മതത്തിന് ആകെ 80 ലക്ഷം ആളുകളുടെ കുറവുണ്ടാകുമ്പോള്‍, ക്രിസ്തുമതത്തിന് 10.5 കോടി (105 മില്യണ്‍) ആളുകളെയാണ് നഷ്ടപ്പെടുകയെന്ന് പഠനം പ്രവചിക്കുന്നു.

വടക്കേ അമേരിക്കയിലെ ചിത്രം

കാനഡയിലുണ്ടാകുന്ന മാറ്റങ്ങള്‍ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാകെ സംഭവിക്കുന്ന വലിയ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്. 2020-ല്‍ വടക്കേ അമേരിക്കന്‍ ജനസംഖ്യയുടെ 63 ശതമാനത്തോളം ക്രിസ്ത്യാനികളായിരുന്നു. 2070-ഓടെ ഇത് 46 ശതമാനമായി കുറയും. ഇതേ കാലയളവില്‍ മതവിശ്വാസമില്ലാത്തവരുടെ എണ്ണം 30.2 ശതമാനത്തില്‍ നിന്ന് 41.2 ശതമാനമായും, മുസ്ലിം ജനസംഖ്യ 1.6 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായും ഉയരുമെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!