Thursday, November 19, 2026

14 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു; നോര്‍ത്ത്‌ലന്‍ഡര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 10 മുതല്‍

ടൊറന്റോ: ടൊറന്റോയും വടക്കുകിഴക്കന്‍ ഒന്റാരിയോയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്റാരിയോ നോര്‍ത്ത്‌ലന്‍ഡിന്റെ ‘നോര്‍ത്ത്‌ലന്‍ഡര്‍’ (Northlander) പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. 14 വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സര്‍വീസ് തിരിച്ചെത്തുന്നത്. ഡിസംബര്‍ 10-നാണ് സര്‍വീസ് പുനഃരാരംഭിക്കുക.

ടൊറന്റോയിലെ യൂണിയന്‍ സ്റ്റേഷനും (Union Station) കോക്രെയ്നിനും (Cochrane) ഇടയിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. 800 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ഈ പാതയിലൂടെ ടിമ്മിന്‍സ് (Timmins), നോര്‍ത്ത് ബേ (North Bay) എന്നിവയുള്‍പ്പെടെ 16 പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാസൗകര്യം ലഭിക്കും. ഘട്ടം ഘട്ടമായാണ് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ നാല് റൗണ്ട് ട്രിപ്പുകളായിരിക്കും ഉണ്ടാവുക. 2027-ഓടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കും. യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ചാല്‍ 12 മണിക്കൂര്‍ കൊണ്ട് അവസാന സ്റ്റേഷനില്‍ എത്താന്‍ സാധിക്കും.

ടിക്കറ്റ് ബുക്കിംഗും സൗകര്യങ്ങളും

നവംബര്‍ 26 മുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്റാരിയോ നോര്‍ത്ത്ലാന്‍ഡ് വെബ്‌സൈറ്റ് വഴിയും ഫോണ്‍ മുഖേനയും നിശ്ചിത ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.

പുതിയ നോര്‍ത്ത്ലാന്‍ഡര്‍ ട്രെയിനുകളില്‍ 169 സീറ്റുകളാണുള്ളത്. വിശാലമായ ഇടനാഴികള്‍, സീറ്റില്‍ തന്നെ ഭക്ഷണം എത്തിക്കുന്ന സംവിധാനം, വൈ-ഫൈ (Wi-Fi), ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഭിന്നശേഷി സൗഹൃദ സീറ്റുകളും ശുചിമുറികളും, കൂടാതെ കൂടുതല്‍ സൗകര്യങ്ങളുള്ള ‘നോര്‍ത്ത്‌ലന്‍ഡര്‍+’ (Northlander+) യാത്രാ ഓപ്ഷനും ട്രെയിനിലുണ്ടാകും. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി കര്‍ശനമായ പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒന്റാരിയോ നോര്‍ത്ത്ലാന്‍ഡിന്റെ ബസ് സര്‍വീസുകളുമായും ‘പോളാര്‍ ബെയര്‍ എക്‌സ്പ്രസുമായും’ (Polar Bear Express) ഈ ട്രെയിന്‍ ബന്ധിപ്പിക്കപ്പെടും. ടൊറന്റോ യൂണിയന്‍ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗോ ട്രാന്‍സിറ്റ് (GO Transit), യു.പി എക്‌സ്പ്രസ് (UP Express) എന്നിവ വഴി ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലേക്കും ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും എളുപ്പത്തില്‍ യാത്ര തുടരാനാകും.

100 ദശലക്ഷം ഡോളറിലധികം നിക്ഷേപം

റെയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവിശ്യാ സര്‍ക്കാര്‍ 100 ദശലക്ഷം ഡോളറിലധികം നിക്ഷേപിച്ചാണ് സര്‍വീസ് പുനഃസ്ഥാപിക്കുന്നത്. സ്റ്റേഷനുകളുടെ നവീകരണം, പ്ലാറ്റ്ഫോമുകളുടെ പുനര്‍നിര്‍മ്മാണം, പുതിയ ഷെല്‍ട്ടറുകള്‍, റെയില്‍ പാളങ്ങളുടെ നവീകരണം എന്നിവ ഇതിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. 800 കിലോമീറ്റര്‍ പാതയില്‍ 500 കിലോമീറ്ററിലധികം ഭാഗം ഇതിനകം നവീകരിച്ചതായി ഒന്റാരിയോ ഗതാഗത മന്ത്രി പ്രഭ്മീത് സര്‍ക്കാരിയ വ്യക്തമാക്കി.

സാമ്പത്തിക-വിനോദസഞ്ചാര വികസനത്തിന് കുതിപ്പേകും

മുന്‍ ലിബറല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഈ സര്‍വീസ് പുനരാരംഭിക്കാന്‍ 2018 മുതല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് മന്ത്രി പ്രഭ്മീത് സര്‍ക്കാരിയ പറഞ്ഞു. വടക്കന്‍ ഒന്റാരിയോയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണിത്. ആരോഗ്യ ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും പുറമെ പ്രവിശ്യയുടെ സാമ്പത്തിക വികസനത്തിനും ഈ റെയില്‍ സര്‍വീസ് വലിയ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാവിലെ ടൊറന്റോയില്‍ എത്തുന്ന രീതിയിലും വൈകുന്നേരം വടക്കോട്ട് തിരിക്കുന്ന രീതിയിലുമാണ് പ്രദേശവാസികളുടെ നിര്‍ദ്ദേശപ്രകാരം സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. ഗ്രേവന്‍ഹര്‍സ്റ്റിനും (Gravenhurst) കോക്രെയ്നിനും ഇടയിലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ‘പ്രൊവിന്‍ഷ്യല്‍ റൈഡ്ഷെയര്‍ ഫ്രെയിംവര്‍ക്കും’ (Provincial Rideshare Framework) സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!