Saturday, November 21, 2026

GTA VI തരംഗം: ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധന: പര്‍പ്പിള്‍ കൗ

നോവസ്‌കോഷ: ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6’ (Grand Theft Auto VI) പുറത്തിറങ്ങിയതോടെ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോക്താക്കള്‍ കൂട്ടത്തോടെ എത്തിയതോടെ ഇന്റര്‍നെറ്റ് ഡാറ്റ ഉപഭോഗത്തില്‍ 10 ശതമാനത്തോളം വര്‍ധനവുണ്ടായതായി പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ വ്യക്തമാക്കുന്നു.

നോവസ്‌കോഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘പര്‍പ്പിള്‍ കൗ’ (Purple Cow) സിഇഒ ബ്രാഡ്ലി ഫാര്‍ഖര്‍ നല്‍കുന്ന വിവരമനുസരിച്ച്, ബുധനാഴ്ച മുതലാണ് ഡാറ്റ ഉപയോഗത്തില്‍ അസാധാരണമായ കുതിച്ചുചാട്ടം പ്രകടമായത്. ഗെയിം നേരത്തെ ലഭ്യമാകുന്നതിനായി പല കളിക്കാരും തങ്ങളുടെ കണ്‍സോളുകളിലെയും വിപിഎന്‍ (VPN) സംവിധാനങ്ങളിലെയും ലൊക്കേഷന്‍ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ സമയമേഖലകളിലേക്ക് മാറ്റിയതും ഡാറ്റാ തിരക്ക് വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ ബൗള്‍ പോലുള്ള വമ്പന്‍ കായിക മാമാങ്കങ്ങളുടെ സമയത്തുണ്ടാകുന്ന തിരക്കിനേക്കാള്‍ വലുതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും, എന്നാല്‍ തങ്ങള്‍ ഇതിനായി മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നുംപറഞ്ഞു.

ഗെയിമിന്റെ റിലീസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഗെയിം കളിക്കുന്നതിനായി നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്താത്തതിനാല്‍ ക്ലാസ് മുറികളില്‍ ഹാജര്‍നില ഗണ്യമായി കുറഞ്ഞതായും, പല പരീക്ഷകളും മാറ്റിവയ്‌ക്കേണ്ടി വന്നതായും പ്രാദേശിക ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ജിടിഎ 5 ഇറങ്ങിയ സമയത്ത് തങ്ങള്‍ തീരെ ചെറുതായിരുന്നതിനാല്‍, ആദ്യമായി ഒരു ജിടിഎ റിലീസ് നേരിട്ട് അനുഭവിക്കുന്നതിന്റെ ആവേശത്തിലാണ് പുതുതലമുറ.

അതേസമയം, ഇതൊരു തലമുറകള്‍ ഒന്നിക്കുന്ന പ്രതിഭാസമാണെന്ന് ഡിജിറ്റല്‍ നരവംശശാസ്ത്രജ്ഞന്‍ ഗൈല്‍സ് ക്രൗച്ച് അഭിപ്രായപ്പെട്ടു. മാതാപിതാക്കളും മുതിര്‍ന്ന മക്കളും ഒരുമിച്ചിരുന്ന് കളിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന സാഹചര്യം ആഗോളതലത്തില്‍ തന്നെ ആദ്യമാണ്. എങ്കിലും, മുതിര്‍ന്നവര്‍ക്കായി (Mature-rated) നിര്‍മ്മിച്ചിട്ടുള്ള ഈ ഗെയിമിലെ ഉള്ളടക്കങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് ദോഷകരമായേക്കാമെന്നും, ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ കൃത്യമായ ഇടപെടലും നിരീക്ഷണവും അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!