മസ്കറ്റ്: അറബ് ഫെഡറേഷന് ഫോര്‍ ട്രാഫിക് സേഫ്റ്റിയുടെ 2026-ലെ ട്രാഫിക് സുരക്ഷാ തലസ്ഥാനമായി (Traffic Safety Capital) ഒമാന്‍ തലസ്ഥാനമായ മസ്കറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഒമാനെ സംബന്ധിച്ചിടത്തോളം ഇതാദ്യമായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്നത്.
ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഓഫീസ് അംഗീകരിച്ച ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളില്‍ 76 ശതമാനത്തിലധികം സ്കോര്‍ നേടി ഒന്നാമതെത്തിയാണ് മസ്കത്ത് ഈ ബഹുമതി സ്വന്തമാക്കിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും, ഗതാഗത ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിലും, യാത്രക്കാരുടെ സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിലും മസ്കത്ത് കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണിത്.

ഇതിന്റെ ഭാഗമായി അറബ് ഫെഡറേഷന് ഫോര്‍ ട്രാഫിക് സേഫ്റ്റി, റോയല്‍ ഒമാന്‍ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് പ്രത്യേക ഉപഹാരം സമ്മാനിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ഗതാഗത ബോധവല്‍ക്കരണം നടത്തുന്നതിലും രാജ്യത്തെ റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും ഒമാന്‍ ട്രാഫിക് വിഭാഗം നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ഫെഡറേഷന് പ്രശംസിച്ചു.
