Tuesday, November 24, 2026

യുകെയിൽ നിന്നുള്ള സ്കോച്ച് വിസ്കി കണ്ടെയ്‌നറുകൾ തടഞ്ഞ് കസ്റ്റംസ്; 150% തീരുവ ആവശ്യപ്പെട്ട് നടപടി

ന്യൂഡൽഹി: ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവയെച്ചൊല്ലി തർക്കം. കുറഞ്ഞ തീരുവ പ്രതീക്ഷിച്ച് ഇറക്കുമതി ചെയ്ത ബൾക്ക് സ്കോച്ച് വിസ്കിയുടെ 80-ലധികം കണ്ടെയ്‌നറുകളാണ് ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിയത്. ഇവയ്ക്ക് 150 ശതമാനം ഇറക്കുമതി തീരുവ ഈടാക്കണമെന്നാണ് കസ്റ്റംസ് അധികൃതരുടെ നിലപാട്. എന്നാൽ വ്യാപാര കരാർ പ്രകാരം 75 ശതമാനം തീരുവയാണ് ബാധകമാകേണ്ടതെന്ന് ഇറക്കുമതി കമ്പനികൾ വാദിക്കുന്നു.

ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ–യുകെ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന തർക്കങ്ങളിലൊന്നാണിത്. പെർനോ റിക്കാർഡ്, ഡിയാജിയോ തുടങ്ങിയ കമ്പനികൾ ഇറക്കുമതി ചെയ്ത ബൾക്ക് സ്കോച്ച് വിസ്കിയുടെ കണ്ടെയ്‌നറുകളാണ് കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുന്നത്. ബക്കാർഡിയുടെയും ചരക്കുകൾ തടഞ്ഞുവച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്താണ് തർക്കത്തിന് കാരണം?

സ്കോച്ച് വിസ്കി ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തി കസ്റ്റംസ് തീരുവ കണക്കാക്കണം എന്നതാണ് തർക്കത്തിന്റെ അടിസ്ഥാനം. ഇറക്കുമതി കമ്പനികൾ ബൾക്ക് സ്കോച്ചിനെ വിസ്കി വിഭാഗത്തിൽ ഉൾപ്പെടുത്തി വ്യാപാര കരാറിലെ 75 ശതമാനം തീരുവ ആനുകൂല്യം ആവശ്യപ്പെടുന്നു. എന്നാൽ ഉയർന്ന ആൽക്കഹോൾ സാന്ദ്രതയിലുള്ള ബൾക്ക് സ്കോച്ച് പിന്നീട് മറ്റ് ചേരുവകളുമായി ചേർത്ത് മദ്യം നിർമിക്കാനാണ് ഉപയോഗിക്കുന്നതെന്നും അതിനാൽ ഇത് പാനീയ നിർമാണത്തിനുള്ള ആൽക്കഹോൾ കോൺസൻട്രേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നുമാണ് കസ്റ്റംസ് അധികൃതരുടെ വാദം.

കുപ്പികളിൽ നേരിട്ട് വിൽക്കാൻ കഴിയുന്ന ഫിനിഷ്ഡ് സ്കോച്ച് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് കുറഞ്ഞ തീരുവ ബാധകമാകുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൾക്ക് സ്കോച്ചിന് 150 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാപാര കരാറിലെ ഇളവ് എന്താണ്?

ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ (CETA) പ്രകാരം സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറച്ചിരുന്നു. കരാർ പ്രകാരമുള്ള ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ ഇറക്കുമതി നടത്തിയത്. എന്നാൽ ബൾക്ക് സ്കോച്ചിന്റെ വർഗീകരണം സംബന്ധിച്ച തർക്കം ഈ ആനുകൂല്യത്തിന്റെ പ്രയോഗത്തെ ബാധിച്ചിരിക്കുകയാണ്.

ബൾക്ക് സ്കോച്ച് ഇറക്കുമതിക്കായി ഉപയോഗിക്കുന്ന കസ്റ്റംസ് കോഡും അധികൃതർ നിർദേശിക്കുന്ന കോഡും വ്യത്യസ്തമാണ്. ഉൽപ്പന്നത്തിന്റെ വർഗീകരണം മാറുന്നതോടെ ബാധകമായ തീരുവയിലും വലിയ വ്യത്യാസമുണ്ടാകും.

ഇന്ത്യ–യുകെ വ്യാപാരത്തെയും ബാധിക്കുമോ?

ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന സ്കോച്ച് വിസ്കിയുടെ ഏകദേശം 80 ശതമാനവും ബൾക്ക് രൂപത്തിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇവ ഇന്ത്യയിൽ മറ്റ് സ്പിരിറ്റുകളുമായി ചേർത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു. അതിനാൽ തുറമുഖങ്ങളിലെ തടസ്സം നീണ്ടുനിന്നാൽ മദ്യ നിർമാണ കമ്പനികളുടെ വിതരണ ശൃംഖലയെയും ഉൽപ്പാദനത്തെയും ബാധിച്ചേക്കാം.

2024ൽ ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയുടെ മൂല്യം 335 മില്യൺ ഡോളറായിരുന്നു. ഇന്ത്യ–യുകെ വ്യാപാര കരാറിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം 1.34 ബില്യൺ ഡോളർ കൂടി വർധിക്കുമെന്നാണ് സ്കോച്ച് വിസ്കി അസോസിയേഷന്റെ വിലയിരുത്തൽ.

അതേസമയം, തീരുവ വർഗീകരണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബാങ്ക് ഗ്യാരന്റി സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചില ചരക്കുകൾ താൽക്കാലികമായി വിട്ടുനൽകുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. തർക്കം പരിഹരിച്ചശേഷം ബാധകമായ തീരുവ ക്രമീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!