Monday, November 23, 2026

ഹോർമുസിൽ US അകമ്പടിയിലായിരുന്ന 3 എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു; കടൽ മൈനിൽ തട്ടിയെന്ന് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷാവസ്ഥ. അമേരിക്കൻ സൈന്യത്തിന്റെ സംരക്ഷണത്തിൽ സഞ്ചരിച്ചിരുന്ന മൂന്ന് എണ്ണക്കപ്പലുകൾക്ക് കടൽ മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ ആരോപിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ആണ് ഇക്കാര്യം അറിയിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.

അനുവാദമില്ലാതെയാണ് കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചതെന്നും ഇറാൻ ആരോപിച്ചു. അമേരിക്കൻ സൈനിക അകമ്പടി ഉണ്ടായിരുന്നിട്ടും കപ്പലുകളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ യുഎസ് സൈന്യത്തിന് കഴിഞ്ഞില്ലെന്നും ഐആർജിസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്ക് ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിക്കാനുള്ള മേഖലയല്ലെന്ന് ഐആർജിസി വ്യക്തമാക്കി. അമേരിക്കൻ സൈനിക സംരക്ഷണം ലഭിക്കുന്നുണ്ടെന്നത് ഇറാന്റെ നാവികസേനയുടെ ട്രാഫിക് നിയന്ത്രണ കേന്ദ്രം നൽകുന്ന നിർദേശങ്ങളും നാവിക നിയമങ്ങളും പാലിക്കുന്നതിൽ നിന്ന് കപ്പലുകളെ ഒഴിവാക്കുന്നില്ലെന്നും മുന്നറിയിപ്പ് നൽകി.

മുന്നറിയിപ്പുകൾ അവഗണിച്ച് അനധികൃത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ശത്രുശക്തികളുമായുള്ള സഹകരണമായി കണക്കാക്കുമെന്നും അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐആർജിസി അറിയിച്ചു. എന്നാൽ ഇറാൻ ഉയർത്തിയ ഈ ആരോപണങ്ങളോട് യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹോർമുസിൽ ആക്രമണങ്ങൾ വർധിക്കുന്നു

യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും വർധിച്ചിട്ടുണ്ട്.

യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നവംബർ 20, 21 തീയതികളിൽ ഹോർമുസ് മേഖലയിൽ മൂന്ന് എണ്ണക്കപ്പലുകൾ അജ്ഞാത പ്രോജക്ടൈലുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് ഇരയായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!