മസ്കറ്റ്: ഒമാനിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. ഹൈമ–തുംറൈത്ത് റോഡിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
രണ്ട് ട്രക്കുകൾ തമ്മിൽ ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ 36 യാത്രക്കാരുമായി എത്തിയ ബസ് അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അപകടവിവരമറിഞ്ഞ് റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണ്.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.
