ടൊറന്റോ: കാനഡയിലെ ടൊറന്റോ ഡൗൺടൗണിൽ യുവതിക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി അഡലെയ്ഡ് സ്ട്രീറ്റ് വെസ്റ്റിനും സ്പാഡിന അവന്യൂവിനും സമീപമാണ് സംഭവം. കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 8.41ഓടെയാണ് പ്രദേശത്ത് കുത്തേറ്റ സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ടൊറന്റോ പാരാമെഡിക് സർവീസിന്റെ ആംബുലൻസിൽ സമീപത്തെ ട്രോമ സെന്ററിലേക്ക് മാറ്റി.
യുവതിയുടെ നില ഗുരുതരമാണെങ്കിലും നിലവിൽ സ്ഥിരതയുള്ളതാണെന്ന് പാരാമെഡിക് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തതായും റിപ്പോർട്ടില്ല. ആക്രമണത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൊറന്റോ പൊലീസിന്റെ 416-808-1400 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
