ഓട്ടവ: കാനഡയുമായുള്ള സൈനിക സഹകരണം പുനഃക്രമീകരിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണിന്റെ നീക്കം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ രഹസ്യ മെമ്മോയിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുള്ളതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾക്കും സുരക്ഷാ മുൻഗണനകൾക്കും അനുസൃതമായി കാനഡയുമായുള്ള സൈനിക ബന്ധം ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് പെന്റഗൺ വ്യക്തമാക്കി. എന്നാൽ പുതിയ നിയന്ത്രണങ്ങൾ എന്തെല്ലാമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറുന്നതിലും ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ സംവിധാനമായ നോറാഡിന്റെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകില്ലെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു. നാറ്റോ സഖ്യത്തിലൂടെയുള്ള സൈനിക സഹകരണവും തുടരും. കാനഡയുടെ പ്രതിരോധ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ അമേരിക്ക തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടും പുതിയ നീക്കത്തിന് പിന്നിലെ പ്രധാന പശ്ചാത്തലങ്ങളിലൊന്നാണ്.
അതേസമയം, പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിക്കാൻ കാനഡയുടെ ദേശീയ പ്രതിരോധ മന്ത്രാലയം തയ്യാറായില്ല. അമേരിക്കയുമായുള്ള ദീർഘകാല പ്രതിരോധ സഹകരണം തുടരുകയാണെന്ന് മന്ത്രാലയ വക്താവ് ടോണി റൈറ്റ് അറിയിച്ചു.
പുതിയ നിയന്ത്രണങ്ങളുടെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും നോറാഡ്, നാറ്റോ എന്നിവയിലൂടെയുള്ള സഹകരണം തുടരുമെന്നാണ് അമേരിക്കയുടെ വിശദീകരണം.
