ടൊറന്റോ: പലിശനിരക്കുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ കാനഡയിലെ ഭവന ഉടമകള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രതിമാസ ഭവനവായ്പ (Mortgage) തിരിച്ചടവുകള്‍ മുടങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായാണ് ഇക്വിഫാക്സ് കാനഡയുടെ (Equifax Canada) മൂന്നാം പാദ ഉപഭോക്തൃ വായ്പാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായി മൂന്ന് മാസമോ അതിലധികമോ കാലം ഭവനവായ്പ തിരിച്ചടവ് മുടങ്ങിയവരുടെ ദേശീയ നിരക്ക് 0.32 ശതമാനത്തിലെത്തി. 2013-ല്‍ ഇക്വിഫാക്സ് ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31.1 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളില്‍ വായ്പാ തിരിച്ചടവ് മുടങ്ങുന്നത് വര്‍ധിച്ചതാണ് ദേശീയ നിരക്ക് ഉയരാന്‍ പ്രധാന കാരണമായത്.

ഒന്റാരിയോയിലെ മോര്‍ട്ട്ഗേജ് കുടിശ്ശിക കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായും, ഇത് 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്തെ ഉയര്‍ന്ന നിരക്കിനോട് അടുക്കുകയാണെന്നും ടിഡി ബാങ്ക് (TD) കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
പലിശനിരക്ക് വര്‍ധനയും സാമ്പത്തിക ആഘാതവും:
ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് കഴിഞ്ഞ മാസം ബാങ്ക് ഓഫ് കാനഡ അടിസ്ഥാന പലിശനിരക്ക് കാല് ശതമാനം ഉയര്‍ത്തി 2.5 ശതമാനമാക്കിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്ര ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്.
ഇതോടെ പ്രമുഖ ബാങ്കുകളും പ്രൈം നിരക്കുകള്‍ ഉയര്‍ത്തി. ഇത് വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജുള്ള (Variable-rate mortgage) ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയായി.
കാനഡയിലെ ആകെ 91 ലക്ഷം ഭവന ഉടമകളില്‍ 14 ലക്ഷം പേര്‍ക്ക് വേരിയബിള്‍ റേറ്റ് മോര്ട്ട്ഗേജാണുള്ളതെന്ന് ഇക്വിഫാക്സ് കണക്കാക്കുന്നു. ഓരോ കാല് ശതമാനം പലിശ വര്‍ദ്ധനവും ഇവര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 860 ദശലക്ഷം ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കും.
വരും മാസങ്ങളിലും വായ്പാ തിരിച്ചടവ് മുടങ്ങുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന് ഇക്വിഫാക്സ് വൈസ് പ്രസിഡന്റ് റെബേക്ക ഓക്സ് അഭിപ്രായപ്പെട്ടു. ഡിസംബര്‍ 9-നാണ് ബാങ്ക് ഓഫ് കാനഡയുടെ ഈ വര്‍ഷത്തെ അവസാന പലിശനിരക്ക് പ്രഖ്യാപനം.
ആദ്യമായി വീട് വാങ്ങുന്നവരെയും യുവാക്കളെയുമാണ് പലിശ വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക. ഉയര്‍ന്ന തുകയ്ക്കുള്ള വായ്പകളാണ് ഇവര്‍ എടുത്തിരിക്കുന്നത് എന്നതാണ് ഇതിന് കാരണം. ഭവനവായ്പാ കുടിശ്ശിക മൊത്തത്തില്‍ ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും, ഇത് ക്രെഡിറ്റ് കാര്‍ഡ്, വാഹന വായ്പ എന്നിവയുടെ തിരിച്ചടവിനെ സാരമായി ബാധിക്കുന്നുണ്ട്. മൂന്നാം പാദത്തില്‍ കാനഡയിലെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 4.82 ശതമാനം വര്‍ധിച്ച് 136.2 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ ആകെ ഉപഭോക്തൃ കടം 4.68 ശതമാനം ഉയര്‍ന്ന് 2.74 ട്രില്യണ്‍ ഡോളറായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
