ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതുമാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. അന്നത്തെ വി.പി. സിങ് സർക്കാരാണ് സുരക്ഷ പിൻവലിച്ചതെന്ന കോൺഗ്രസിന്റെ ദീർഘകാല ആരോപണം വീണ്ടും ചർച്ചയാക്കുന്നതാണ് രാഹുലിന്റെ പരാമർശം. മാതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമായി പുറത്തിറങ്ങിയ വീഡിയോയിലാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.
1991-ൽ രാജീവ് ഗാന്ധി ബിഹാർ സന്ദർശിച്ചപ്പോൾ രാഹുലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ രാജീവിന് നേരെ കല്ലേറുണ്ടാകുകയും ജനക്കൂട്ടം മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം പിതാവിന്റെ സുരക്ഷയെക്കുറിച്ച് രാഹുൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നതായി സോണിയ ഗാന്ധി പുസ്തകത്തിൽ എഴുതിയിരുന്നു
‘മമ്മാ, പപ്പയുടെ സുരക്ഷയ്ക്കായി നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് പെട്ടെന്ന് തിരിച്ചുവരേണ്ടിവരും’ എന്ന് ബിഹാർ യാത്രയ്ക്കുശേഷം രാഹുൽ പറഞ്ഞതായും സോണിയ ഓർമിക്കുന്നു.
‘പിതാവിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചു’
ബിഹാർ യാത്രയിലെ അനുഭവം തനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പിതാവിന്റെ സുരക്ഷ പിൻവലിച്ചത് അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള സാഹചര്യമൊരുക്കുന്നതിനായിരുന്നുവെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിന്റെ സുരക്ഷാ സംവിധാനങ്ങൾ എടുത്തുമാറ്റിയത് യാദൃച്ഛികമായ നടപടിയായിരുന്നില്ലെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിനുള്ള സാഹചര്യം മനഃപൂർവം സൃഷ്ടിക്കുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. അന്ന് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയെക്കുറിച്ച് ആശങ്കയോടെ സോണിയയും പ്രിയങ്കയും
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം രാജീവ് ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് സോണിയ ഗാന്ധി അതീവ ആശങ്കയിലായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും ഓർത്തെടുത്തു.
വീടിന് ചുറ്റുമുള്ള കമ്പിവേലികൾ പരിശോധിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും സോണിയയുടെ പതിവായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലും മാതാവ് അത് ഗൗരവത്തോടെ കാണുമായിരുന്നുവെന്നും അവർ ഓർത്തെടുത്തു.

വി.പി. സിങ് സർക്കാരിനെതിരെ നേരത്തെയും വിമർശനം
രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ച വി.പി. സിങ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) നിയമത്തിൽ പിന്നീട് ഭേദഗതി വരുത്തി.
രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും സുരക്ഷാ വീഴ്ചകളും അന്വേഷിക്കാൻ ജസ്റ്റിസ് എം.സി. ജെയിൻ കമ്മീഷനെ നിയോഗിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാർക്ക് സുരക്ഷാ പരിരക്ഷ നീട്ടിനൽകുന്നതിനുള്ള നിയമഭേദഗതി വരുത്തുന്നതിൽ വി.പി. സിങ് സർക്കാർ പരാജയപ്പെട്ടുവെന്നും നിലവിലുണ്ടായിരുന്ന ഭീഷണികൾ നേരിടാൻ മതിയായ ബദൽ സുരക്ഷ ഒരുക്കിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയതായി ഫ്രണ്ട്ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
1991-ൽ ശ്രീപെരുമ്പത്തൂരിൽ വധം
1991 മേയ് 21-നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽടിടിഇയുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം, തന്റെ ഭരണകാലത്ത് രാജീവ് ഗാന്ധി എട്ടിലധികം തവണ തമിഴ്നാട് സന്ദർശിച്ചിട്ടുണ്ടെന്നും എല്ലാ യാത്രകളിലും സുരക്ഷിതമായി മടങ്ങിയിരുന്നുവെന്നുമായിരുന്നു വി.പി. സിങ്ങിന്റെ വാദം.
രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതുമായി ബന്ധപ്പെട്ട പഴയ രാഷ്ട്രീയ വിവാദം രാഹുൽ ഗാന്ധിയുടെ പുതിയ പരാമർശത്തോടെ വീണ്ടും സജീവമായിരിക്കുകയാണ്.
