കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മന്റനിൽ മലയാളിക്കെതിരെ ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ ചുമത്തി പൊലീസ്. ജോസ് മാജോ പുലിക്കോട്ടിൽ (44) എന്നയാളെയാണ് എഡ്മന്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

2026 ഓഗസ്റ്റ് 17നാണ് കേസുമായി ബന്ധപ്പെട്ട ആദ്യ പരാതി പൊലീസിന് ലഭിച്ചത്. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി. 2016ൽ താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരിക്കെ പ്രതിയിൽനിന്ന് ആവർത്തിച്ചുള്ള ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു ഇവരുടെ പരാതി.
അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 19നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, പ്രായപൂർത്തിയാകാത്തയാളുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റം എന്നിങ്ങനെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കർശന നിബന്ധനകളോടെയാണ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചത്. പൊതുജനങ്ങൾക്കായുള്ള നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരുമായി തൊഴിൽപരമായ സാഹചര്യങ്ങൾ ഒഴികെ ഇടപഴകാനും പാടില്ല. പരാതിക്കാരുമായി ബന്ധപ്പെടരുതെന്നും തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരാതിക്കാർ ഉണ്ടായേക്കാമെന്നാണ് എഡ്മന്റൻ പൊലീസിന്റെ വിലയിരുത്തൽ. സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ 780-423-4567 എന്ന നമ്പറിലോ മൊബൈൽ ഫോണിൽനിന്ന് #377 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.
അതേസമയം, പ്രതിക്കെതിരായ കുറ്റങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
