Thursday, November 26, 2026

തനിക്കൊപ്പം ഫോട്ടോയെടുത്തതിന് നഴ്സിന് ജോലി നഷ്ടമാകുമെന്ന് പിയര്‍ പൊളിയേവ്; പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ്

ഓട്ടവ: ആല്‍ബര്‍ട്ടയിലെ വെയ്ന്റൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരില്‍ കരാര്‍ നഴ്സിന് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കനേഡിയന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയര്‍ പൊലിയേവ് ആരോപിച്ചു. ബുധനാഴ്ച കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രത്യേകാവകാശ ലംഘന നോട്ടീസ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള തന്റെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവമെന്ന് അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബര്‍ 17-ന് തന്റെ മണ്ഡലമായ ബാറ്റില്‍ റിവര്‍-ക്രോഫൂട്ടില്‍ ഉള്‍പ്പെടുന്ന വെയ്ന്റൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും മുപ്പത്തിയൊന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് പിന്നാലെ പ്രദേശത്തെത്തിയ പൊളിയേവ്, പരുക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കിയ നഴ്സ് മൗറീന്‍ കാര്‍പെന്ററുമായി അധികൃതരുടെ അനുമതിയോടെ കൂടിക്കാഴ്ച നടത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂടിക്കാഴ്ചയുടെ പേരില്‍ സര്‍ക്കാര്‍ കരാര്‍ കമ്പനിയായ കാലിയന്‍ ഹെല്‍ത്തുമായുള്ള അവരുടെ കരാര്‍ ഇനി പുതുക്കി നല്‍കില്ലെന്ന് പരോക്ഷമായി മുന്നറിയിപ്പ് ലഭിച്ചതായാണ് പൊളിയേവ് പറയുന്നത്.

സ്വന്തം മണ്ഡലത്തിലെ ജനപ്രതിനിധിയെ കണ്ട് സംസാരിച്ചു എന്ന ഒറ്റക്കാരണത്താലാണ് മൗറീന് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരിക്കുന്നതെന്ന് പൊയിലീവര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് തങ്ങളുടെ പ്രതിനിധികളോട് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍, അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ തങ്ങള്‍ക്കും സാധിക്കാതെ വരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ദേശീയ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിയെ ബന്ധപ്പെട്ട് രഹസ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും, അതിനുശേഷം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തല്‍ അതീവ ദുഃഖകരമാണെന്ന് ലിബറല്‍ എം.പി കെവിന്‍ ലാമോറക്‌സ് പ്രതികരിച്ചു. ദുരന്തസമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ ത്യാഗങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്നും, സംഭവത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിച്ച ശേഷം സഭയ്ക്ക് മറുപടി നല്‍കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വിഷയം പരിശോധിക്കുമെന്ന് ബ്ലോക്ക് ക്യൂബെക്കോയിസ് എം.പി ഗബ്രിയേല്‍ സെന്റ്-മേരിയും അറിയിച്ചു. പൊയിലീവര്‍ ഉന്നയിച്ച പ്രത്യേകാവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ ഫ്രാന്‍സിസ് സ്‌കാര്‍പലെഗ്ഗിയ വിശദമായ റൂളിംഗ് നല്‍കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ടോം ക്മീക്ക് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!