ടെൽ അവീവ്: ഇസ്രയേലിൽ അധികാരം നിലനിർത്തുന്നതിനായി നിർണായക രാഷ്ട്രീയ നീക്കവുമായി കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടുമായി പ്രധാനമന്ത്രി പദം പങ്കിടാൻ തയ്യാറാണെന്ന് നെതന്യാഹു വ്യക്തമാക്കി. പുതിയ നിർദേശപ്രകാരം, സർക്കാർ രൂപീകരിച്ചാൽ ആദ്യ പകുതിയിൽ ഐസൻകോട്ടിന് പ്രധാനമന്ത്രിയാകാം. ഈ കാലയളവിൽ താൻ ഉപപ്രധാനമന്ത്രിയായി പ്രവർത്തിക്കാമെന്നും പിന്നീട് പ്രധാനമന്ത്രി പദവി ഏറ്റെടുക്കണമെന്നുമാണ് നെതന്യാഹുവിന്റെ ആവശ്യം.
രാജ്യത്തിന്റെ സുരക്ഷയും ഭാവിയും മുൻനിർത്തി രാഷ്ട്രീയ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. തന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാർട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും എതിരാളികളായ യാഷർ പാർട്ടിയേക്കാൾ 25,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന പ്രതിസന്ധികൾ നേരിടാൻ കഴിയുന്ന ശക്തമായ സർക്കാർ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും അതിനായി ഏറ്റവും വലിയ പാർട്ടി സർക്കാരിനെ നയിക്കണമെന്ന തത്വത്തിൽ പോലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെന്നും നെതന്യാഹു സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
ദേശീയ ഐക്യസർക്കാർ രൂപീകരിക്കുന്നതിനായി മറുഭാഗവും സമാനമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസൻകോട്ടിന്റെ നീക്കങ്ങൾക്ക് തടയിടാൻ ശ്രമം
പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പുതിയ വാഗ്ദാനം. ഇടതുപക്ഷ ഡെമോക്രാറ്റ്സ് പാർട്ടിയുമായി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം ധാരണയിലെത്തിയിട്ടുണ്ട്. ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യായർ ഗോലനും ഐസൻകോട്ടും തമ്മിലാണ് സഖ്യകരാറിന്റെ കാര്യത്തിൽ ധാരണയായത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഡെമോക്രാറ്റ്സ് പാർട്ടിക്ക് നാല് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും.

ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ അനിശ്ചിതത്വം
ഒക്ടോബർ 27ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് ഇസ്രയേലിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചത്. 120 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്.
നിലവിലെ കണക്കുകൾ പ്രകാരം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിക്ക് 48 സീറ്റുകളാണുള്ളത്. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ കക്ഷികളുടെ സഖ്യത്തിന് 53 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള സീറ്റുകൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
ഡിസംബർ ആറുവരെ സമയപരിധി
സർക്കാർ രൂപീകരിക്കുന്നതിനായി ഐസൻകോട്ടിന് ഡിസംബർ ആറുവരെ സമയമുണ്ട്. ആവശ്യമെങ്കിൽ 14 ദിവസം കൂടി കാലാവധി നീട്ടിനൽകാനും സാധ്യതയുണ്ട്. ഐസൻകോട്ടിന് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള അടുത്ത അവസരം നെതന്യാഹുവിന് ലഭിച്ചേക്കും.
എന്നാൽ, അദ്ദേഹത്തിനും പാർലമെന്റിൽ 61 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇരുനേതാക്കൾക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഇസ്രായേലിൽ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
