Saturday, November 28, 2026

അടച്ചുപൂട്ടിയ മില്ലുകൾ വീണ്ടും തുറക്കും; കാനഡയിൽ വനവ്യവസായ പുനരുജ്ജീവനത്തിന് വൻ നിക്ഷേപം

ഓട്ടവ: പ്രതിസന്ധി നേരിടുന്ന കാനഡയുടെ വനവ്യവസായത്തെ പുനഃസംഘടിപ്പിക്കാനും പുതിയ വളർച്ചാ മേഖലകൾ തുറക്കാനും 6.5 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. പരമ്പരാഗത തടി, പൾപ്പ്, പേപ്പർ ഉൽപ്പാദനത്തിൽ നിന്ന് മാറി ബയോഫ്യൂവൽ, ബയോകെമിക്കൽസ്, ആധുനിക തടി നിർമാണ സാമഗ്രികൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളിലേക്ക് വ്യവസായത്തെ മാറ്റുകയാണ് ലക്ഷ്യം.

കാനഡയുടെ വനമേഖലയ്ക്കായി ആദ്യമായി സമഗ്ര പദ്ധതി പ്രഖ്യാപിച്ചതായി പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്സൺ വെള്ളിയാഴ്ച അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ത്ലാ’അമിൻ ഫസ്റ്റ് നേഷൻ പ്രദേശത്തായിരുന്നു പ്രഖ്യാപനം. വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ നിക്ഷേപമാണിതെന്നും അദ്ദേഹം പറഞ്ഞു.

പഴയ രീതിയിൽ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നിക്ഷേപം, നവീകരണം, ആഗോള മത്സരക്ഷമത എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

മൂന്ന് പ്രധാന മേഖലകളിൽ നിക്ഷേപം

2050 വരെയുള്ള വനവ്യവസായ വികസനം ലക്ഷ്യമിടുന്ന പദ്ധതിയിൽ 6.5 ബില്യൺ ഡോളർ മൂന്ന് പ്രധാന മേഖലകളിലായി വിനിയോഗിക്കും.

  • 4 ബില്യൺ ഡോളർ: പുതിയ വൻകിട ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാനും നിലവിലുള്ള മില്ലുകൾ നവീകരിക്കാനും.
  • 2 ബില്യൺ ഡോളർ: ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും പ്രവർത്തനങ്ങൾ ആധുനികവത്കരിക്കാനും.
  • 500 മില്യൺ ഡോളർ: തടി അസംസ്കൃത വസ്തുക്കളുടെ സ്ഥിരവും താങ്ങാനാവുന്നതുമായ ലഭ്യത ഉറപ്പാക്കാനും.

മൂന്ന് ധനസഹായ പദ്ധതികളും 2027 മാർച്ചോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫെഡറൽ സർക്കാർ ധനസഹായത്തോടെ നടപ്പാക്കുന്ന ഭവനനിർമാണ, അടിസ്ഥാന സൗകര്യ പദ്ധതികളിൽ കനേഡിയൻ തടി കൂടുതൽ ഉപയോഗിക്കാനും നിയന്ത്രണ നടപടികൾ ലളിതമാക്കാനും അമേരിക്കൻ വിപണിയിലുള്ള ആശ്രിതത്വം കുറയ്ക്കാനും പുതിയ തന്ത്രം ലക്ഷ്യമിടുന്നു.

അടച്ചുപൂട്ടിയ മില്ലുകൾ വീണ്ടും തുറക്കാൻ സഹായം

അടച്ചുപൂട്ടിയ മില്ലുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കാനും തൊഴിലാളികളെ തിരിച്ചെത്തിക്കാനും പുതിയ ധനസഹായം സഹായിക്കുമെന്ന് പ്രകൃതിവിഭവ മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി കോറി ഹോഗൻ പറഞ്ഞു.

നിലവിലുള്ള ഫാക്ടറികൾക്ക് ആവശ്യമായ നിക്ഷേപം നടത്തി വീണ്ടും പ്രവർത്തനം ആരംഭിക്കാനും ഉപയോഗശൂന്യമായ വ്യവസായ ഭൂമികൾ പുനരുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2025-ൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വനവ്യവസായം 29.7 ബില്യൺ ഡോളറിന്റെ സംഭാവന നൽകിയെന്നാണ് പ്രകൃതിവിഭവ വകുപ്പിന്റെ കണക്ക്. ഏകദേശം രണ്ട് ലക്ഷം പേർ ഈ മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്നു. രാജ്യത്തെ 300-ഓളം സമൂഹങ്ങളുടെ സാമ്പത്തിക അടിത്തറയും വനവ്യവസായമാണ്.

എന്നാൽ 2004 മുതൽ ഈ മേഖലയിൽ ഏകദേശം 40 ശതമാനം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വനവ്യവസായത്തിന്റെ വിഹിതം മൂന്ന് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറഞ്ഞു.

2004-നും 2024-നും ഇടയിൽ കനേഡിയൻ സോഫ്റ്റ്‌വുഡ് തടി ഉൽപ്പാദനം 42 ശതമാനവും പൾപ്പ് ഉൽപ്പാദനം 54 ശതമാനവും കുറഞ്ഞു. ഇതേ കാലയളവിൽ ആഗോളതലത്തിൽ ഇവയ്ക്കുള്ള ആവശ്യം യഥാക്രമം ആറ് ശതമാനവും 22 ശതമാനവും വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അമേരിക്കൻ തീരുവയും വെല്ലുവിളി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വ്യാപാര തീരുവകൾ കനേഡിയൻ വനവ്യവസായത്തിന് വലിയ വെല്ലുവിളിയാണ്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന കനേഡിയൻ സോഫ്റ്റ്‌വുഡ് തടിക്ക് നിലവിൽ തീരുവകളും മറ്റ് നികുതികളും ഉൾപ്പെടെ ഏകദേശം 35 ശതമാനം ബാധകമാണ്.

അമേരിക്ക അന്യായമായ തീരുവകൾ തുടരുകയാണെങ്കിൽ കാനഡ പുതിയ വിപണികൾ കണ്ടെത്തുമെന്ന് മന്ത്രി ടിം ഹോഡ്സൺ പറഞ്ഞു. അമേരിക്കയ്ക്ക് കനേഡിയൻ തടി ആവശ്യമാണെന്നും എന്നാൽ വിപണി വ്യാപാരത്തിന് തടസ്സമുണ്ടാക്കുകയാണെങ്കിൽ മറ്റ് ഉപഭോക്താക്കളെ കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശീയ സമൂഹങ്ങൾക്കും കൂടുതൽ പങ്കാളിത്തം

വനവ്യവസായത്തിന്റെ ഭാവി വികസനത്തിൽ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുടെ പങ്കാളിത്തത്തിനും ഉടമസ്ഥാവകാശത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു. ത്ലാ’അമിൻ നേഷൻ മേധാവി ജോൺ ഹാക്കറ്റ് പുതിയ പദ്ധതിയെ സ്വാഗതം ചെയ്തു.

അതേസമയം, വൻകിട കമ്പനികൾക്കൊപ്പം ചെറുകിട വനവ്യവസായ സ്ഥാപനങ്ങൾക്കും ധനസഹായത്തിന്റെ 10 മുതൽ 20 ശതമാനം വരെ മാറ്റിവയ്ക്കണമെന്ന് വ്യവസായ പ്രതിനിധികൾ ആവശ്യപ്പെട്ടു. പദ്ധതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും അത് എങ്ങനെ നടപ്പാക്കുന്നു എന്നതായിരിക്കും നിർണായകമെന്ന് ഫോറസ്റ്റ് പ്രൊഡക്ട്സ് അസോസിയേഷൻ ഓഫ് കാനഡയും ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!