വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നിയമത്തെ തുടർന്ന് രാജ്യത്ത് നിയമാനുസൃതമായി താമസിക്കുന്ന മൂന്ന് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് മെഡികെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നഷ്ടമായേക്കും. 2027 ഫെബ്രുവരി ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അർഹത നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്ക് അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിപ്പുകൾ അയച്ചുതുടങ്ങിയതായാണ് റിപ്പോർട്ട്.
2025 ജൂലൈയിൽ പാസാക്കിയ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ’ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. വർഷങ്ങളായി അമേരിക്കയിൽ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരെയും തീരുമാനം ബാധിക്കും. അഭയാർഥികൾ, അഭയം ലഭിച്ചവർ, താൽക്കാലിക സംരക്ഷണ പദവിയുള്ളവർ, മനുഷ്യക്കടത്തിന് ഇരയായവർ തുടങ്ങിയ വിഭാഗങ്ങളിലെ ആളുകൾക്കാണ് പ്രധാനമായും മെഡികെയർ ആനുകൂല്യം നഷ്ടമാകുക.

അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും പ്രത്യേക വ്യവസ്ഥകൾ പ്രകാരം താമസിക്കുന്ന ചില കുടിയേറ്റ വിഭാഗങ്ങൾക്കും മെഡികെയർ പരിരക്ഷ തുടർന്നും ലഭിക്കും. അതിനാൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണം നേരിട്ട് ബാധകമാകില്ലെന്നാണ് നിലവിലെ വിവരം.
വയോധികർക്കും രോഗികൾക്കും തിരിച്ചടി
വയോധികർ, ഭിന്നശേഷിക്കാർ, ഡയാലിസിസ് ഉൾപ്പെടെയുള്ള തുടർച്ചയായ ചികിത്സകൾ ആവശ്യമായവർ എന്നിവരെ പുതിയ നിയമം ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്നതോടെ ചികിത്സാച്ചെലവുകൾ വർധിക്കാനും ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നതിൽ പ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്. പരിരക്ഷ പിൻവലിക്കുന്നതിനെതിരെ അപ്പീൽ നൽകാൻ അറിയിപ്പ് ലഭിക്കുന്നവർക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഫെഡറൽ ആരോഗ്യപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ വിഭാഗങ്ങൾക്ക് മാത്രമായി ഉറപ്പാക്കുന്നതിനാണ് നിയമപരിഷ്കരണമെന്നാണ് നടപടിയെ അനുകൂലിക്കുന്നവരുടെ വാദം. പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കയിലെ കുടിയേറ്റ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
