Sunday, November 29, 2026

മ്യാൻമറിൽ സൈനിക ആക്രമണം തുടരുന്നു; കുട്ടികളടക്കം 50ലേറെ പേർ കൊല്ലപ്പെട്ടു

മ്യാൻമർ: മ്യാൻമറിൽ സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണങ്ങളിൽ വിവാഹവേദിയും സ്കൂളും ജനവാസ മേഖലകളും ഉൾപ്പെടെ വിവിധയിടങ്ങളിലായി 50ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.

തെക്കൻ ഷാൻ സംസ്ഥാനത്തെ മോബൈ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വിവാഹവേദിക്ക് നേരെ ആക്രമണമുണ്ടായത്. വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീടിന് മുകളിൽ ബോംബ് പതിക്കുകയായിരുന്നു. ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും 35ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

മധ്യ മ്യാൻമറിലെ മഗ്വേ മേഖലയിലുള്ള ഇൻയോൺ ഗ്രാമത്തിലെ സ്കൂളിന് നേരെ വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. വിദ്യാർഥികൾ, യുവസന്യാസിമാർ, അധ്യാപകർ എന്നിവരാണ് മരിച്ചത്. പ്രതിരോധ സേനകളുടെ സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം നടന്നതെന്ന് നാഷണൽ യൂണിറ്റി ഗവൺമെന്റ് വ്യക്തമാക്കി.

പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുള്ള മ്രൗക്ക്-യു പട്ടണത്തിലെ ജനവാസ മേഖലയിലും ശനിയാഴ്ച രാത്രി എട്ടുമണിയോടെ സൈന്യം ബോംബാക്രമണം നടത്തി. ആക്രമണത്തിൽ പത്തിലേറെ പേർ കൊല്ലപ്പെടുകയും 20ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന വംശീയ സായുധ സംഘടനയായ അരക്കാൻ ആർമിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്.

ആക്രമണങ്ങളെക്കുറിച്ച് മ്യാൻമറിലെ സൈനിക ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ൽ ആങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് രാജ്യത്ത് ആഭ്യന്തരയുദ്ധം രൂക്ഷമായത്. സൈന്യത്തിന്റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിൽ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുന്നതും വ്യോമാക്രമണങ്ങൾ നടത്തുന്നതും തുടരുകയാണ്.

റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ വംശഹത്യ ആരോപണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മ്യാൻമർ നേരിടുന്ന കേസിൽ പുതിയ നടപടികൾ ഉണ്ടായതിന് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്ത് വീണ്ടും കൂട്ടമരണങ്ങൾക്ക് ഇടയാക്കിയ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!