പി പി ചെറിയാൻ
ടെക്സസ് : ടെക്സസിലെ ജോൺസൺ കൗണ്ടി യുഎഎസ് ഹൈവേ 67-ൽ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവർ ആന്ധ്രാപ്രദേശ് എംഎൽഎയുടെ ആറ് ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രാപ്രദേശ് എംഎൽഎ പി വെങ്കട്ട സതീഷ് കുമാറിന്റെ ബന്ധുക്കളായ കോണസീമ ജില്ലയിലെ അമലപുരം സ്വദേശികളായ പി നാഗേശ്വര് റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരും കുടുംബത്തിന്റെ ബന്ധു കൂടിയായ മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലെത്തിയ ട്രാക്ക് അപകടത്തിന് കാരണമായതായി പോലീസ് അറിയിച്ചു.

കാറിലുണ്ടായിരുന്ന ലോകേഷ് എന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും എംഎൽഎ പറഞ്ഞു. അറ്റ്‌ലാന്റയിൽ താമസിച്ചിരുന്ന തന്റെ അമ്മാവനും കുടുംബവും ടെക്സസിലെ മറ്റ് ബന്ധുക്കളുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും സതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപകടസമയത്ത് പിക്കപ്പ് ട്രക്കില്‍ രണ്ട് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിമാനമാര്‍ഗം ഫോര്‍ട്ട് വര്‍ത്ത് ആശുപത്രിയിലേക്ക് മാറ്റി.
