മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിൽ നയൻതാര നായികയായി എത്തിയ ‘അന്നപൂരണി’ എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ഡിസംബർ ഒന്നിനായിരുന്നു നയൻതാരയുടെ എഴുപത്തിയഞ്ചാമത് ചിത്രമായ അന്നപൂരണി റിലീസ് ചെയ്തത്.

ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്. ഐ. ആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കൂടാതെ ചിത്രത്തിൽ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെൽ നൽകിയ പരാതിയിൽ പറയുന്നു.
നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂരണിയില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് നയന്‍താര എത്തിയത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. ‘രാജാ റാണി’ക്ക് ശേഷം നടന്‍ ജയ്യും നയന്‍താരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി.
