മുംബൈ: സ്പൈസ് ജെറ്റില്‍ യാത്രക്കാരന് ഒരു മണിക്കൂറോളം ശുചിമുറിയില്‍ കുടുങ്ങി. മുംബൈ-ബെംഗളുരു വിമാനത്തിലെ യാത്രക്കാരനാണ് ഡോര്‍ തകരാറിലായതിനെ തുടര്‍ന്ന് ശുചിമുറിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനത്തിലാണ് സംഭവം.

മുംബൈയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ടോയ്ലറ്റിലേക്ക് പോയ യാത്രക്കാരന് ശുചിമുറിയില്‍ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളുരുവില്‍ എത്തിയശേഷം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് വാതില്‍ തുറന്ന് യാത്രക്കാരനെ പുറത്തിറക്കിയത്.
ടോയ്ലറ്റില് കുടുങ്ങിയതിന് പിന്നാലെ യാത്രക്കാരന് വിമാന ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. പുറത്ത് നിന്ന് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരനോട് ടോയ്ലെറ്റില് തന്നെ തുടരാന്‍ വിമാന ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ച് വിമാനക്കമ്പനി പ്രസ്താവന നടത്തി. യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
