ഓട്ടവ : പുതിയ ജീവിത സ്വപ്നങ്ങളുമായി കാനഡയിൽ എത്തിയ ഇന്ത്യക്കാരടക്കമുള്ള രാജ്യാന്തര വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. ഫെഡറൽ നയത്തിലെ പുതിയ മാറ്റങ്ങൾ കാരണം എഴുപതിനായിരത്തിലധികം രാജ്യാന്തര വിദ്യാർത്ഥികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. സ്റ്റഡി പെർമിറ്റുകൾ പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമായ ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ പുതിയ നയങ്ങളാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയത്. ഇതോടെ പഠനം പൂർത്തിയാക്കി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ പദ്ധതിയിട്ട പതിനായിരക്കണക്കിന് പേർ ഇപ്പോൾ ഭാരിച്ച വായ്പകളും തകർന്ന സ്വപ്നങ്ങളുമായി അവശേഷിക്കുന്നു
ഈ വർഷം അവസാനത്തോടെ വർക്ക് പെർമിറ്റ് അവസാനിക്കുമ്പോൾ ബിരുദധാരികളെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് വിദ്യാർത്ഥി അഭിഭാഷക ഗ്രൂപ്പായ നൗജവാൻ സപ്പോർട്ട് നെറ്റ്വർക്കിൻ്റെ പ്രതിനിധികൾ പറയുന്നു. പഠനാനുമതി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കുടിയേറ്റ നയങ്ങളിൽ കനേഡിയൻ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

നാടുകടത്തലുകളുടെ പശ്ചാത്തലത്തിൽ കാനഡയിലുടനീളമുള്ള രാജ്യാന്തര വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഹെൽത്ത് കെയർ സിസ്റ്റത്തിലും ഭവന വിപണിയിലും ഉള്ള സമ്മർദ്ദം കാരണം 2024-ൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ ഇൻവിറ്റേഷൻ നൽകുന്നവരുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ രാജ്യാന്തര വിദ്യാർത്ഥികൾ മൂന്നു മാസത്തിലേറെയായി പ്രവിശ്യ നിയമസഭയ്ക്ക് സമീപം സമരത്തിലാണ്. ഒൻ്റാരിയോ, മാനിറ്റോബ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.

2023-ൽ കാനഡയിലെ വിദ്യാർത്ഥികളിൽ 37 ശതമാനവും വിദേശികളാണ്. ഇത് കാനഡയിലെ ഭവന, ആരോഗ്യ മേഖലകളിലും മറ്റു സേവനങ്ങളിലും വലിയ സമ്മർദമാണ് ചെലുത്തുന്നതെന്ന് സർക്കാർ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള രാജ്യാന്തര സ്റ്റുഡൻ്റ് പെർമിറ്റ് അപേക്ഷ വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. ഇതുവഴി വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറക്കുകയാണ് സർക്കാർ ലക്ഷ്യം. 2024-ൽ 3,60,000 സ്റ്റഡി പെർമിറ്റുകളാണ് അനുവദിക്കുക. ഇത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 35% കുറവാണ്. ജൂൺ 21 മുതൽ അതിർത്തിയിൽ വിദേശികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ വ്യക്തമാക്കിയിരുന്നു. കാനഡയിൽ താൽക്കാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി ജോലിക്കും പഠനത്തിനുമായി വീണ്ടും അപേക്ഷിക്കുന്നത് ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം സർക്കാർ വെട്ടിച്ചുരുക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഇന്ത്യക്കാരടക്കമുള്ള രാജ്യാന്തര വിദ്യാർത്ഥികളെ സാരമായി ബാധിക്കും.

പല വിദ്യാർത്ഥികളും വലിയ സാമ്പത്തിക ബാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. കാനഡയുടെ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നുവെന്നും അതിനാൽ തങ്ങൾ ന്യായമായ പരിഗണന അർഹിക്കുന്നുവെന്നും ഇൻ്റർനാഷണൽ സിഖ് സ്റ്റുഡൻ്റ് ഓർഗനൈസേഷൻ പോലുള്ള സംഘടനകൾ പറയുന്നു. എന്നാൽ, ഇപ്പോൾ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് സർക്കാർ പറയുന്നത്. ബിരുദാനന്തര വർക്ക് പെർമിറ്റുകൾ നീട്ടാനും സ്ഥിരതാമസത്തിന് സ്ഥിരവും സുതാര്യവുമായ പാത്ത് വേ നൽകാനും തങ്ങളുടെ ചൂഷണത്തിലേക്ക് നയിച്ച വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാർത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും സർക്കാരിനോട് ആവശ്യപ്പെടുന്നു.
