കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ നായകനാകുന്ന ‘ദേവര പാര്‍ട്ട് 1’ൻ്റെ പുതിയ പോസ്റ്റർ പുറത്ത്. ചിരിച്ചുകൊണ്ടും രൗദ്രഭാവത്തിലും ഉള്ള ജൂനിയർ എൻടിആറിൻ്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ഒരു മാസത്തിനുള്ളിൽ, അയാളുടെ വരവ് ഒഴിവാക്കാനാവാത്ത ബിഗ് സ്‌ക്രീൻ അനുഭവവുമായി ലോകത്തെ ഇളക്കിമറിക്കും’ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ ചിത്രം പങ്കുവച്ചത്. ‘ആർആർആറി’ന് ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും.
യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിൻ്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ‘ദേവര’. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്‌ഫിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

‘ദേവര’ ഒന്നാം ഭാഗത്തിനായുള്ള എൻ്റെ അവസാന ഷോട്ടും പൂർത്തിയായിരിക്കുന്നു. എന്തൊരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഈ ടീമിനെയും അവരുടെ കടലോളമുള്ള സ്നേഹവും എനിക്ക് മിസ് ചെയ്യും. ശിവ ഒരുക്കിയിരിക്കുന്ന ഈ ലോകത്തേക്ക് സെപ്റ്റംബർ 27 ന് എല്ലാവരും എത്തുന്നതിനായി കാത്തിരിക്കുന്നു’, എന്നാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ജൂനിയർ എൻടിആർ ട്വിറ്ററിൽ കുറിച്ചത്. ‘ജനതാ ഗാരേജ് ‘ എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദേവര പാര്‍ട്ട് 1’. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.