ഹാലിഫാക്സ് : പ്രവിശ്യയിലെ ഡിജിറ്റൽ ഹെൽത്ത് കെയർ മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ ക്ലൗഡുമായി പങ്കാളിത്തത്തിനൊരുങ്ങി നോവസ്കോഷ. ഇതിനായി അഞ്ച് വർഷത്തേക്ക് 4 കോടി 20 ലക്ഷം ഡോളർ ചെലവഴിക്കാനൊരുങ്ങുകയാണ് പ്രവിശ്യ. ഗൂഗിൾ ക്ലൗഡിൻ്റെ സെർച്ച് ടൂളുകൾ വഴിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴിയും ആരോഗ്യ വിവരങ്ങളിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പദ്ധതികൾ നിലവിൽ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

നോവസ്കോഷ ഹെൽത്ത് വെബ്സൈറ്റും യുവർ ഹെൽത്ത് എൻഎസ് ആപ്പും ഉൾപ്പെടുന്ന ആരോഗ്യ സംവിധാനത്തിലുടനീളം കൂടുതൽ ആരോഗ്യ വിവരങ്ങൾ ഈ പദ്ധതികൾ വഴി സാധിക്കുമെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ പറഞ്ഞു. അതേസമയം ഗൂഗിളിൻ്റെ സെർച്ച് ടെക്നോളജി ഉപയോഗിക്കുന്നത് ഡോക്ടർമാരുടെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കുറയ്ക്കാനും രോഗനിർണയം എളുപ്പമാക്കാനും സഹായിക്കുമെന്നും ഹൂസ്റ്റൺ പറഞ്ഞു.
