ലണ്ടൻ : ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വിൽക്കാനുള്ള റഷ്യൻ സമ്പന്നൻ റോമൻ അബ്രമോവിച്ചിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ സമ്മർദ്ദം ചെലുത്താൻ വേണ്ടി അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ സമ്പന്നർക്കെതിരെ ബ്രിട്ടൻ ഔദ്യോഗികമായ ശിക്ഷാനടപടി പ്രഖ്യാപനം നടത്തിയതിൽ അബ്രമോവിച്ച് ഉടമയായ ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വിൽക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് ഗവണ്മെന്റ് തനിക്കെതിരെ നടപടി എടുക്കാനുള്ള സാധ്യത മനസിലാക്കിയ അബ്രമോവിച്ച് ആദ്യം ക്ലബ്ബിനെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയെങ്കിലും ആ നീക്കം വിജയിക്കില്ലെന്നു വ്യക്തമായതോടെയാണ് വിൽപ്പനക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഏതാണ്ട് ഇരുപതോളം ബിഡുകൾ ചെൽസിയെ വാങ്ങാൻ വന്ന സമയത്താണ് ബ്രിട്ടൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചത്.
നടപടി നേരിട്ടതോടെ ബ്രിട്ടനിൽ അബ്രമോവിച്ച് ഉടമയായ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ഇതിനു പുറമെ ബ്രിട്ടീഷ് പൗരന്മാരുമായി അദ്ദേഹത്തിന് പണമിടപാടുകൾ നടത്താനും കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടി ക്രമങ്ങളിൽ ഉൾപ്പെടുന്നു
അതേസമയം അബ്രമോവിച്ചിന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെൽസിയുടെ വിൽപ്പന തടയുകയും ചെയ്തെങ്കിലും ചെൽസിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ യാതൊരു വിധത്തിലുള്ള തടസവും ഉണ്ടാകില്ല. എന്നാൽ സീസൺ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ഇനി ചെൽസിയുടെ മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇനി മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളിൽ ഉൾപ്പെടുന്നു.
ശിക്ഷാനടപടികളുമായി ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടു പോയാൽ അത് ചെൽസിക്ക് തിരിച്ചടി നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. റഷ്യക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുട്ടിനുമായി അടുത്ത ബന്ധമുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. അബ്രമോവിച്ച് ഉൾപ്പെടെ 15 ബില്യൺ യൂറോ മൂല്യം വരുന്ന ആസ്‌തികളുള്ള ഏഴു വ്യക്തികൾക്കെതിരെയാണ് യുകെ ഗവണ്മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.