ടൊറന്റോ : COVID-19 പാൻഡെമിക്കിന്റെ ആദ്യ വർഷം കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ കാനഡക്കാർക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 301 ശതമാനം വർധനവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള റിപ്പോർട്ട്.
2009-ൽ ഡാറ്റ ശേഖരണം ആരംഭിച്ചതിന് ശേഷം ഏഷ്യൻ വംശജർക്കെതിരേ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2020-ലാണ്. മുൻ വർഷത്തേക്കാൾ 37 ശതമാനം വർദ്ധനയോടെ 2020-ൽ കാനഡയിൽ മൊത്തം 2,669 വിദ്വേഷ കുറ്റകൃത്യങ്ങൾ പോലീസിന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
2019-ൽ 67 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതു കുതിച്ചുയർന്നു 2020-ൽ കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യക്കാർക്കെതിരെ 269 വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡ, പോലീസിന് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങൾ മാത്രം പഠിച്ചാണ് ഡേറ്റ തയ്യാറാക്കിയിരിക്കുന്നത്. ഇതിനാൽ കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ യഥാർത്ഥ എണ്ണം ഉയർന്നേക്കാം.
ചൈനീസ് കനേഡിയൻ നാഷണൽ കൗൺസിൽ 2020 മാർച്ചിനും 2021 ഫെബ്രുവരിക്കും ഇടയിൽ കാനഡയിൽ കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കെതിരെ 1,150 വംശീയ ആക്രമണങ്ങൾ ഉണ്ടായതായി പറയുന്നു.
2020-ൽ, വിദ്വേഷ കുറ്റകൃത്യങ്ങളിൽ 62 ശതമാനവും വംശീയത കാരണമാണ്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ചു 80 ശതമാനമാനത്തിന്റെ വർധനവാണ് റിപ്പോർട്ടിൽ കാണിക്കുന്നത്.
കാനഡയിലെ വംശീയ പ്രേരിത വിദ്വേഷ കുറ്റകൃത്യങ്ങളിൽ 40 ശതമാനവും കറുത്ത കനേഡിയൻമാരെ ലക്ഷ്യം വച്ചുള്ളതാണ്. കറുത്തവർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 2020-ൽ 92 ശതമാനം ഉയർന്നു. 2019-ൽ പോലീസ് റിപ്പോർട്ട് ചെയ്ത 345 കേസുകളിൽ നിന്നും 2020-ൽ 663 ആയി ഉയർന്നു. തദ്ദേശീയർക്കും ദക്ഷിണേഷ്യക്കാർക്കുമെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ യഥാക്രമം 152 ശതമാനവും 47 ശതമാനവും വർദ്ധിച്ചു.
മിക്ക പ്രവിശ്യകളിലും പ്രദേശങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായി പഠനം തെളിയിക്കുന്നു. 2019 നെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് നോവ സ്കോട്ടിയയിലാണ്. 70 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. വിദ്വേഷ കുറ്റകൃത്യങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിൽ 60 ശതമാനം വർധനയുണ്ടായപ്പോൾ വിദ്വേഷ കുറ്റകൃത്യങ്ങളുടെ നിരക്ക് സസ്‌കാച്ചെവാനിൽ 60 ശതമാനവും ആൽബർട്ടയിൽ 39 ശതമാനവും ഒന്റാറിയോയിൽ 35 ശതമാനവുമായി ഉയർന്നു.
പോലീസ് റിപ്പോർട്ട് ചെയ്യുന്ന ചില വിദ്വേഷ കുറ്റകൃത്യങ്ങളുടെ നിരക്കു കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡേറ്റ തെളിയിക്കുന്നു. 2020-ൽ മുസ്ലീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ 55 ശതമാനം കുറഞ്ഞു. ലൈംഗികതയോ ലിംഗഭേദമോ ആയ വിദ്വേഷ കുറ്റകൃത്യങ്ങൾ 18 ശതമാനം കുറഞ്ഞു. ലൈംഗിക ആഭിമുഖ്യത്താൽ പ്രേരിതമായ വിദ്വേഷ കുറ്റകൃത്യങ്ങളും 2019-ൽ ഉയർന്നതിന് ശേഷം രണ്ട് ശതമാനം കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡേറ്റ കാണിക്കുന്നു.