ഓട്ടവ: സാധാരണയായി വയറ്റിലെ ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ് ഈ വർഷം കനേഡിയൻ ജനതയെ സാരമായി ബാധിച്ചേക്കുമെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി. 2019 മുതൽ 2023 വരെയുള്ള അഞ്ച് വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന നിരക്കിൽ നോറോവൈറസ് കേസുകൾ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി പിഎച്ച്എസി പറഞ്ഞു. അതേസമയം, കേസുകളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിടാൻ കഴിയില്ലെന്ന് ഏജൻസി വ്യക്തമാക്കി.

ആൽബർട്ട, ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രവിശ്യകളിൽ നോറോവൈറസ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോറോവൈറസ് അണുബാധയെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പിഎച്ച്എസി നിർദ്ദേശിച്ചു. വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന ഒരു പകർച്ചവ്യാധിയാണ് നോറോവൈറസ്. ശരത്കാല-ശീതകാല മാസങ്ങളിലാണ് ഇത് സാധാരണയായി പൊട്ടിപുറപ്പെടാറുള്ളത്. പിന്നീടിത് ഛർദ്ദി, വയറിളക്കം, വയറുവേദന, ശരീരവേദന, തലവേദന, പനി എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
