ഹാലിഫാക്സ് : മാരിടൈംസിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ വകുപ്പ്. നോവസ്കോഷയിലെ വടക്കൻ ഇൻവർനെസ് കൗണ്ടിയിലും കെയ്പ് ബ്രെറ്റണിലെ വിക്ടോറിയ കൗണ്ടിയിലും 80 മുതൽ 100 കി.മീ/മണിക്കൂർ വരെ വേഗത്തിൽ കാറ്റ് വീശും. കൂടാതെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം കെയ്പ് ബ്രെറ്റണിലെ ഉയർന്ന പ്രദേശങ്ങളിൽ 50 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.

വിക്ടോറിയ, ഇൻവർനെസ് കൗണ്ടികളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഞായറാഴ്ച മുതൽ തിങ്കൾ വരെ 10 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. അതിവേഗം മഞ്ഞ് അടിഞ്ഞുകൂടുന്നത് യാത്ര ദുഷ്കരമാകും. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ കിംഗ്സ് ആൻഡ് ക്വീൻസ് കൗണ്ടികളിലും നോവസ്കോഷയിലെ പിക്റ്റോ, ആൻ്റിഗോണിഷ് കൗണ്ടികളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ശക്തമായ കാറ്റ് മേഖലയിലെ ഫെറി സർവീസുകളെ ബാധിക്കും. നോവസ്കോഷയ്ക്കും ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിനും ഇടയിലുള്ള ഫെറി റൂട്ടിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കാലതാമസമോ റദ്ദാക്കലോ അനുഭവപ്പെട്ടേക്കാം.
