വിനിപെഗ് : തെക്കൻ മാനിറ്റോബയിൽ അഞ്ച് അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒൻ്റാരിയോയിൽ അടുത്തിടെ അണുബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പ്രവിശ്യയിൽ അഞ്ചാംപനി സ്ഥിരീകരിച്ചത്.
അഞ്ചാംപനി ബാധിച്ച അഞ്ച് പേരും ഒരേ വീട്ടിലുള്ളവരാണെന്നും ഇവർ അടുത്തിടെ കിഴക്കൻ പ്രവിശ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൂടാതെ ഇവർ ആരൊക്കെയായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളിൽ ഉണ്ടായിരുന്നവരും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുമായവർ വാക്സിനേഷൻ എടുക്കുകയും, ലക്ഷണങ്ങൾ നിരീക്ഷിക്കുകയും, മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അഞ്ചാംപനി ബാധിച്ചതിന് ശേഷം ഏഴ് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടും. പനി, ഭക്ഷണം കഴിക്കാതിരിക്കൽ, ക്ഷീണം, വേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ.