ടൊറൻ്റോ : തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഒൻ്റാരിയോ രാഷ്ട്രീയപ്പാർട്ടികൾ. പ്രധാന പാർട്ടി നേതാക്കൾ ഇന്ന് ടൊറൻ്റോയിലും നയാഗ്ര മേഖലയിലും കോട്ടേജ് കൺട്രിയുടെ ചില ഭാഗങ്ങളിലും പ്രചാരണത്തിനിറങ്ങും. എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ഇന്ന് ടൊറൻ്റോയുടെ നോർത്ത് എൻഡിലെ കർഷക വിപണിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. അതേസമയം, പ്രോഗ്രസീവ് കൺസർവേറ്റീവ് ലീഡർ ഡഗ് ഫോർഡ്, ഒൻ്റാരിയോയിലെ നയാഗ്ര-ഓൺ-ദി-ലേക്ക് സന്ദർശിക്കും. കൂടാതെ, ഹാമിൽട്ടണിലെ ആർസെലർ മിത്തൽ ഡോഫാസ്കോയിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ ഒൻ്റാരിയോ കോട്ടേജ് കൺട്രിയിലെ കിയാർണി, ഹണ്ട്‌സ്‌വിൽ അടക്കമുള്ള പ്രദേശങ്ങളിൽ പ്രചാരണം നടത്തും. അതേസമയം, ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബിക്ക് ഇന്ന് പൊതു പരിപാടികളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. എന്നാൽ, അവർ സ്വന്തം റൈഡിങ്ങിൽ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 27-നാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ്.