വിനിപെഗ് : പുതിയ ആഴ്‌ച ആരംഭിക്കുമ്പോൾ, തെക്കുപടിഞ്ഞാറൻ മാനിറ്റോബ നിവാസികൾ അതിശൈത്യ കാലാവസ്ഥയെ നേരിടാൻ തയ്യാറെടുക്കണമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). തിങ്കളാഴ്ച രാവിലെ മൈനസ് 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. എന്നാൽ, 20 മുതൽ 25 കി.മീ / മണിക്കൂർ വേഗത്തിലുള്ള കാറ്റിനൊപ്പം മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടും. തെക്കുകിഴക്കൻ മാനിറ്റോബയിൽ പകൽ സമയത്ത് താപനില മിതമായിരിക്കുമെങ്കിലും രാത്രിയോടെ കാറ്റിനൊപ്പം അതിശൈത്യകാലാവസ്ഥയിലേക്ക് മാറും. തിങ്കളാഴ്ച ഉച്ചയോടെ റെഡ് റിവർ വാലിയിലേക്ക് അതിശൈത്യം വ്യാപിക്കും.

കൊച്ചുകുട്ടികൾ, മുതിർന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുറത്ത് ജോലി ചെയ്യുന്നവർ, ഭവനരഹിതർ എന്നിവരടക്കം അതിശൈത്യം എല്ലാവരെയും അപകടത്തിലാക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും വളർത്തുമൃഗങ്ങളെ തണുപ്പിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ECCC നിർദ്ദേശിച്ചു.
