മൺട്രിയോൾ : അനധികൃതമായി യുഎസിലേക്ക് നാല് പേരെ കടക്കാൻ സഹായിച്ച ഒൻ്റാരിയോ നിവാസിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. കെബെക്ക് അതിർത്തിയിലൂടെ യുഎസിലേക്ക് അനധികൃത മനുഷ്യക്കടത്തിന് സഹായം നൽകിയ ഒൻ്റാരിയോ ബാരി സ്വദേശി കമലനാഥൻ കാതപ്പിള്ള (61) ആണ് അറസ്റ്റിലായത്. 2024 ഏപ്രിൽ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെബെക്കിലെ മോണ്ടെറെഗി മേഖലയിലുള്ള കാവൽക്കാരില്ലാത്ത ഡൻഡി അതിർത്തി പ്രദേശത്ത് കൂടിയാണ് കമലനാഥൻ നാല് പേരടങ്ങുന്ന സംഘത്തെ യുഎസിലേക്ക് അനധികൃതമായി കടക്കാൻ സഹായിച്ചത്.

അതേ ദിവസം തന്നെ വാഹനത്തിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. ഇയാളുടെ കയ്യിൽ നിന്നും 1100 കനേഡിയൻ ഡോളറും 1100 യുഎസ് ഡോളറും പിടിച്ചെടുത്തു. ഇത്തരം സംഘങ്ങൾ കാനഡയിലേക്കോ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കോ നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ആളുകളെ കടത്തുകയും അവരിൽ നിന്നും വൻതുക ഈടാക്കുകയും ചെയ്യുന്നതായി RCMP ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. മനുഷ്യക്കടത്തുകാർ അനധികൃത കുടിയേറ്റത്തെ ലാഭകരമായ ബിസിനസ്സാക്കി മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.