ഹാലിഫാക്സ് : നോവസ്കോഷയിൽ ഈ വർഷത്തെ കാട്ടുതീ സീസണ് അടുത്ത വാരാന്ത്യത്തിൽ തുടക്കമാകും. മാർച്ച് 15 മുതൽ ഒക്ടോബർ 15 വരെയാണ് പ്രവിശ്യയിലെ കാട്ടുതീ സീസൺ. നോവസ്കോഷയിൽ 2023-ൽ 214 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 2024-ൽ 85 എണ്ണവും റിപ്പോർട്ട് ചെയ്തതായി കിങ്‌സ് കൗണ്ടി റീജനൽ എമർജൻസി മാനേജ്‌മെൻ്റ് ഓർഗനൈസേഷൻ പറയുന്നു.

വരാനിരിക്കുന്ന കാട്ടുതീ സീസണിനായി പ്രവിശ്യയിലെ ഓരോ പൗരന്മാരും തയ്യാറെടുക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വസന്തകാലത്ത് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാട്ടുതീയുടെ അപകടസാധ്യത വർധിപ്പിക്കും. ഓരോരുത്തരും പ്രവിശ്യ-മുനിസിപ്പൽ നിയമങ്ങൾ ശ്രദ്ധിക്കണം. ബേൺ നിയന്ത്രണങ്ങൾ മാർച്ച് 15 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും, Nova Scotia BurnSafe മാപ്പ് എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് അപ്‌ഡേറ്റ് ചെയ്യുന്നു.

പ്രവിശ്യയിൽ രണ്ട് ഹെക്ടറിലധികം വലിപ്പമുള്ള വയലുകളോ മൂന്ന് മീറ്ററിലധികം വലിപ്പമുള്ള പൈലുകൾ കത്തിക്കുകയോ ചെയ്യുന്നതിന് ബേണിങ് പെർമിറ്റുകൾ ആവശ്യമാണ്. ഒരു ഇൻഡസ്ട്രിയൽ ബേണിങ് പെർമിറ്റിനായി അപേക്ഷകൾ പ്രവിശ്യയിലെ ഓരോ ലോക്കൽ അല്ലെങ്കിൽ ഏരിയ ഓഫീസിൽ നൽകണമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് നിർദ്ദേശിച്ചു. കൂടാതെ കാട്ടുതീ കണ്ടെത്തുന്നവർ 9-1-1, 1-800-565-2224 എന്നീ നമ്പറുകളിൽ വിളിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
