ഓട്ടവ : എഞ്ചിൻ കമ്പാർട്ടുമെൻ്റിന് സമീപം തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുപതിനായിരത്തിലധികം ഫോക്സ് വാഗൺ എസ്‌യുവികൾ തിരികെ വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ. 2024-2025 മോഡൽ അൾട്ടാസ്, അറ്റ്ലസ് ക്രോസ് സ്പോർട്ട് എസ്‌യുവികളാണ് തിരിച്ചുവിളിച്ചവ. യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും ഇതേ മോഡലുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. 177,493 വാഹനങ്ങളാണ് യുഎസിൽ തിരിച്ചു വിളിച്ചിരിക്കുന്നത്.

അറ്റകുറ്റപ്പണികൾക്ക് ശേഷം ചില വാഹനങ്ങളുടെ എഞ്ചിൻ കവറിൽ പ്രശ്നം കണ്ടെത്തിയതായി ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. എഞ്ചിൻ കമ്പാർട്ടുമെൻ്റിലെ കവറും ചൂടുള്ള പ്രതലങ്ങളും തമ്മിലുള്ള സമ്പർക്കം കവർ ഉരുകാൻ ഇടയാക്കും, ഇത് തീപിടുത്തത്തിനുള്ള അപകടസാധ്യത സൃഷ്ടിക്കുന്നതായി ഏജൻസി മുന്നറിയിപ്പ് നൽകി. ബാധിത മോഡലുകളുടെ ഉടമകളെ ഫോക്സ് വാഗൺ മെയിൽ വഴി ബന്ധപ്പെടുകയും അവരുടെ വാഹനം ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിക്കുകയും അവിടെ എഞ്ചിൻ കവർ നീക്കം ചെയ്യുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഉടമകൾക്ക് 1-800-822-8987 എന്ന നമ്പറിൽ ബന്ധപ്പെടണം.