കാൽഗറി : സുരക്ഷാ ഭീഷണിയെ തുടർന്ന് കാൽഗറി നിന്നും പുറപ്പെടേണ്ട വെസ്റ്റ് ജെറ്റ് വിമാനം റദ്ദാക്കി. ബുധനാഴ്ച രാവിലെ കാൽഗറി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഓട്ടവയിലേക്ക് പുറപ്പെടേണ്ട വെസ്റ്റ് ജെറ്റ് WS610 വിമാനമാണ് സുരക്ഷാ ഭീഷണി കാരണം റദ്ദാക്കിയതെന്ന് എയർലൈൻ സ്ഥിരീകരിച്ചു.

ആദ്യം രാവിലെ 10.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പിന്നീട് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ റദ്ദാക്കി. അപകടസാധ്യത കുറവാണെങ്കിലും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. സംഭവത്തെത്തുടർന്ന് മറ്റ് വിമാനങ്ങളൊന്നും വൈകിയിട്ടില്ലെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. സുരക്ഷാ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ കാൽഗറി പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് RCMP സ്ഥിരീകരിച്ചു.