ടൊറൻ്റോ : ട്രാൻസിറ്റ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ടിടിസി ബസുകളിൽ ഫെയർ ഇൻസ്പെക്ടർമാരെ പ്രതീക്ഷിക്കണം. മാർച്ച് 17 തിങ്കളാഴ്ച മുതൽ TTC ഫെയർ ഇൻസ്പെക്ടർമാർ സ്ട്രീറ്റ്കാറുകളിലും സബ്‌വേ സ്റ്റേഷനുകളിലും പരിശോധന നടത്തും. പ്രതിവർഷം ടിക്കറ്റ് തട്ടിപ്പിലൂടെ 14 കോടി ഡോളറിലധികം നഷ്ടമുണ്ടാകുന്നുണ്ടെന്നും ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയർ ഇൻസ്പെക്ടർമാരെ നിയോഗിക്കുന്നതെന്നും ട്രാൻസിറ്റ് നെറ്റ്‌വർക്ക് വ്യക്തമാക്കി. ട്രാൻസിറ്റ് ഉപയോക്താക്കൾക്ക് പണം, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് (അവരുടെ മൊബൈൽ വാലറ്റിൽ ലോഡുചെയ്തിരിക്കുന്ന കാർഡുകൾ ഉൾപ്പെടെ), TTC ടിക്കറ്റ്, ടോക്കൺ അല്ലെങ്കിൽ PRESTO കാർഡ് മുഖേന അവരുടെ യാത്രാക്കൂലി അടയ്ക്കാം. വൺ-റൈഡ്, ടു-റൈഡ്, അല്ലെങ്കിൽ ഡേ പാസ് പ്രെസ്റ്റോ ടിക്കറ്റുകളും ലഭ്യമാണ്.

തിങ്കളാഴ്ച മുതൽ, സ്റ്റേഷനുകളിലെ ബസ് പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റുകൾ പരിശോധിക്കും. യാത്ര തുടങ്ങുന്നതിനും സബ്‌വേയിൽ പ്രവേശിക്കുന്നതിനും ഇടയിൽ യാത്രക്കാർ ടിക്കറ്റ് കാണിക്കേണ്ടതുണ്ട്. ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും 425 ഡോളർ വരെ പിഴ ഈടാക്കും. യൂണിഫോം ധരിച്ചായിരിക്കും എല്ലാ ടിടിസി ഫെയർ ഇൻസ്‌പെക്ടർമാരും ടിക്കറ്റ് പരിശോധനയ്ക്കായി എത്തുക. കൂടാതെ യാത്രക്കാരുമായുള്ള ഇടപെടലുകൾ റെക്കോർഡ് ചെയ്യുന്നതിനായി ഇൻസ്‌പെക്ടർമാർ ബോഡി വോൺ കാമറ ധരിക്കുമെന്നും TTC സിഇഒ ഗ്രെഗ് പെർസി അറിയിച്ചു.