ഓട്ടവ : പുതിയ ഇമിഗ്രേഷന് നിയന്ത്രണങ്ങളിലൂടെ തുടർച്ചയായി മൂന്നാം മാസവും ബാക്ക്ലോഗ് കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇൻവെൻ്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്ലോഗ് 7.95% കുറഞ്ഞതായി ഐആർസിസി റിപ്പോർട്ട് ചെയ്തു. ഒരു മാസം മുമ്പ് ബാക്ക്ലോഗിലെ അപേക്ഷകളുടെ എണ്ണം 892,100 ആയിരുന്നെങ്കിൽ ഫെബ്രുവരി 28 വരെ ഡിപ്പാർട്ട്മെൻ്റിൻ്റെ ബാക്ക്ലോഗിലെ മൊത്തം അപേക്ഷകളുടെ എണ്ണം 821,200 ആയി കുറഞ്ഞു. കൂടാതെ ഫെബ്രുവരി 28 വരെ, ആകെ 2,029,400 അപേക്ഷകൾ ഉണ്ട്. ഇതിൽ 1,208,200 അപേക്ഷകൾ സേവന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്തു.
പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സ്ഥിര താമസ അപേക്ഷകൾ
2025 ഫെബ്രുവരി 28 വരെ, സ്ഥിര താമസ കുടിയേറ്റ പ്രോഗ്രാമുകൾക്കായുള്ള ഇൻവെൻ്ററിയിൽ മൊത്തം 842,600 അപേക്ഷകൾ ഉണ്ടെന്ന് ഐആർസിസി റിപ്പോർട്ട് ചെയ്തു. ഇതിൽ എക്സ്പ്രസ് എൻട്രി പ്രോഗ്രാം, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻ്റെ എക്സ്പ്രസ് എൻട്രി-അലൈൻ ചെയ്ത സ്ട്രീമുകൾ, ഫാമിലി സ്പോൺസർഷിപ്പ് പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 478,600 (അല്ലെങ്കിൽ 57%) സേവന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്തു. 364,000 അപേക്ഷകൾ ബാക്ക്ലോഗിൽ അവശേഷിക്കുന്നു.
എക്സ്പ്രസ് എൻട്രി അപേക്ഷകളിൽ 25% ബാക്ക്ലോഗ് ആണ്. ഇത് ഡിപ്പാർട്ട്മെൻ്റിൻ്റെ ടാർഗറ്റ് ബാക്ക്ലോഗ് ആയ 20 ശതമാനത്തേക്കാൾ കൂടുതലാണ്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളുടെ (പിഎൻപി) ആപ്ലിക്കേഷനുകളെ സംബന്ധിച്ചിടത്തോളം (എക്സ്പ്രസ് എൻട്രി വഴി), ഫെബ്രുവരി അവസാനത്തോടെ ബാക്ക്ലോഗ് 36% ആയി ഉയർന്നു (മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 30%). മറുവശത്ത്, ഫാമിലി സ്പോൺസർഷിപ്പ് ബാക്ക്ലോഗ് ഐആർസിസി നിർദ്ദേശിക്കുന്ന പരിധിക്കുള്ളിൽ തന്നെ തുടരുന്നു. ഫെബ്രുവരി അവസാനത്തോടെ, മുൻ മാസത്തെ 15 ശതമാനത്തിൽ നിന്നും 14 ശതമാനമായി കുറഞ്ഞു.

താൽക്കാലിക റസിഡൻ്റ് പെർമിറ്റ് അപേക്ഷകൾ
ഫെബ്രുവരി അവസാനത്തോടെ, താൽക്കാലിക താമസത്തിനുള്ള അപേക്ഷകളിൽ 56% സേവന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്തു. ഇതിൽ വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ, സന്ദർശക വീസകൾ എന്നിവ ഉൾപ്പെടുന്നു. ഇൻവെൻ്ററിയിലെ 947,200 അപേക്ഷകളിൽ 532,700 എണ്ണം മാത്രമാണ് സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തത്. 414,500 അപേക്ഷകൾ ബാക്ക്ലോഗിൽ അവശേഷിക്കുന്നു.
സന്ദർശക വീസ അപേക്ഷകളാണ് ബാക്ക്ലോഗിൽ ഏറ്റവും കൂടുതൽ ഉള്ളത്. ഫെബ്രുവരി 28 വരെ, എല്ലാ സന്ദർശക വീസ അപേക്ഷകളിൽ 65% ബാക്ക്ലോഗിലാണ്. സ്റ്റഡി പെർമിറ്റ് ബാക്ക്ലോഗ് കഴിഞ്ഞ മാസം 45% ആയി സ്ഥിരത പുലർത്തി. മറുവശത്ത്, ബാക്ക്ലോഗിലെ വർക്ക് പെർമിറ്റുകളുടെ ശതമാനം അതിവേഗം കുറയുന്നു. ഇത് ഐആർസിസി ഈ ആപ്ലിക്കേഷനുകൾക്ക് മുൻഗണന നൽകുന്നു എന്നതിൻ്റെ സൂചനയാണ്. ഫെബ്രുവരി 28 വരെ, 34% അപേക്ഷകൾ മാത്രമാണ് ബാക്ക്ലോഗിൽ അവശേഷിക്കുന്നത്.

പൗരത്വ അപേക്ഷകൾ
കഴിഞ്ഞ മാസത്തെപ്പോലെ, പൗരത്വ അപേക്ഷകൾ ബാക്ക്ലോഗിൻ്റെ പരിധിക്കുള്ളിൽ തന്നെ തുടരുന്നു. പൗരത്വ അപേക്ഷകളിൽ ഇപ്പോഴും ചെറിയ ബാക്ക്ലോഗ് ഉണ്ടെന്ന് ഐആർസിസി റിപ്പോർട്ട് ചെയ്തു. ആകെ 239,600 അപേക്ഷകളാണ് പൗരത്വ അപേക്ഷകളാണ്. ഇതിൽ 196,900 (അല്ലെങ്കിൽ 82%) സേവന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്യപ്പെട്ടവയാണ്.
