പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം രൂപീകരിക്കുമെന്ന സൂചന നൽകി ടെസ്ല സിഇഒയും ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളുമായ ഇലോൺ മസ്ക്. ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതും അജണ്ടകൾക്കനുസരിച്ച് പ്രവൃത്തിക്കുന്നതുമല്ലാത്ത ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം രൂപീകരിക്കുന്നത് താങ്കൾ പരിഗണിക്കുന്നുണ്ടോ എന്നായിരുന്നു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം. ഞാനതിനെ പറ്റി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് മസ്ക് നൽകിയ മറുപടി. സജീവ ട്വിറ്റർ ഉപയോക്താവായ ഇലോൺ മസ്ക് നേരത്തെ പല തവണ സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസം ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യം തരുന്നുണ്ടെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച് മസ്ക് ട്വിറ്ററിൽ ഒരു പോളിംഗ് നടത്തിയിരുന്നു. ഈ പോളിംഗിന്റെ അനന്തര ഫലങ്ങൾ പ്രധാനപ്പെട്ടതായിരിക്കുമെന്നും ശ്രദ്ധിച്ച് വോട്ടു ചെയ്യണമെന്നും മസ്ക് പറഞ്ഞിരുന്നു. പോളിങിൽ 70 ശതമാനം പേരും ഇല്ല എന്നാണ് വോട്ട് ചെയ്തത്. ഈ പോളിഗിന് പിന്നാലെയാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ ഒരു പ്ലാറ്റ് ഫോമുമായി മസ്ക് മുന്നോട്ട് വന്നാൽ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ വമ്പൻ എതിരാളികളെ ആകും മസ്കിന്റെ കമ്പനിക്ക് നേരിടേണ്ടി വരിക.