ഓട്ടവ “ഫ്രീഡം കോൺവോയ്” സംഘാടകരായ തമാര ലിച്ച്-ക്രിസ് ബാർബർ എന്നിവരുടെ സംയുക്ത വിചാരണയിൽ ഇന്ന് വിധി പറയും. 45 ദിവസത്തെ നിയമ വാദങ്ങളും തെളിവുകളും കേട്ട ശേഷം ഇരുവരുടെയും വിചാരണ സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരായ ഇരുവർക്കുമെതിരെ നിയമലംഘനം, മറ്റുള്ളവരെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സഹ കോൺവോയ് ഓർഗനൈസർ പാറ്റ് കിങിനെ കഴിഞ്ഞ വർഷം അവസാനം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വിചാരണയ്‌ക്ക് മുമ്പും വിചാരണയ്‌ക്കിടെയും ഒമ്പത് മാസത്തെ ജയിലിൽ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് മൂന്ന് മാസത്തെ വീട്ടുതടങ്കലിന് ശിക്ഷിച്ചിരുന്നു.

കോവിഡ് പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ, വാക്‌സിൻ ഉത്തരവുകൾ തുടങ്ങിയവയ്‌ക്കെതിരെ 2022-ൽ നടന്ന ഫ്രീഡം കോൺവോയ് പ്രതിഷേധത്തിൽ മൂന്നാഴ്ചയിലേറെ രാജ്യതലസ്ഥാനത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരെയാണ് ‘ഫ്രീഡം കോണ്‍വോയ്’ പ്രക്ഷോഭം അരങ്ങേറിയത്. ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരാണ് അന്ന് പ്രക്ഷോഭത്തിന്‍റെ ഭാഗമായത്.
