ടൊറൻ്റോ : ശനിയാഴ്ച ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തെക്കൻ ഒൻ്റാരിയോയിലും 20 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. പകൽ മേഘാവൃതമായിരിക്കും. ഉച്ചകഴിഞ്ഞ് മഴ പെയ്യാൻ 60% സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ 10 മില്ലിമീറ്റർ മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഏജൻസി അറിയിച്ചു.

വൈകുന്നേരവും അർദ്ധരാത്രിക്കു ശേഷവും കൂടുതൽ മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. വൈകുന്നേരം മണിക്കൂറിൽ 30 കി.മീ വേഗത്തിൽ കാറ്റ് വീശും. മിസ്സിസാഗയിൽ പകൽസമയത്ത് 12 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. ഇത് സീസണൽ താപനിലയെക്കാൾ 9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. രാത്രിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസായിരിക്കും താപനിലയെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ ഞായറാഴ്ചയോടെ മഴ മാറും. സൂര്യപ്രകാശമുള്ള ആകാശവും പകൽസമയത്ത് 8 ഡിഗ്രി സെൽഷ്യസുമായിരിക്കും ഞായറാഴ്ച താപനില. വൈകുന്നേരം വരെ മേഘാവൃതമായി തുടരും. രാത്രിയിൽ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ കുറയും.

അടുത്ത ആഴ്ച തണുത്ത കാലാവസ്ഥ വീണ്ടുമെത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തിങ്കളാഴ്ച 3 ഡിഗ്രി സെൽഷ്യസും ചൊവ്വാഴ്ച 1 ഡിഗ്രി സെൽഷ്യസും മാത്രമായിരിക്കും താപനിലയെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. മിസ്സിസാഗ, ബ്രാംപ്ടൺ, ടൊറൻ്റോ, ഹാൽട്ടൺ മേഖല, നയാഗ്ര മേഖല, ഹാമിൽട്ടൺ, ദുർഹം മേഖലകളിൽ തിങ്കളാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ചയോ മഴയോ ഉണ്ടായേക്കാം.