ടൊറൻ്റോ : ഒൻ്റാരിയോ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വീൻ സ്ട്രീറ്റ് വെസ്റ്റ്-സ്പഡൈന അവന്യൂവിൽ രാവും പകലും തുടർച്ചയായി മുഴങ്ങുന്ന ശബ്ദം പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുന്നു. ക്വീൻ-സ്പഡൈന സൈറ്റുകളിൽ 24 മണിക്കൂറും നോർത്ത് സൈറ്റിൽ ആഴ്ചയിൽ ഏഴു ദിവസവും ജോലി നടക്കുന്നുണ്ടെന്നും തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ രാത്രി 11 വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മെട്രോലിൻക്സ് വക്താവ് അറിയിച്ചു.

അതേസമയം ഡ്രില്ലിംഗിൻ്റെ ഇടതടവില്ലാത്ത ശബ്ദം തലവേദനയ്ക്കും ഉറക്കക്കുറവിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വളർത്തുമൃഗങ്ങളെ അടക്കം കനത്ത ശബ്ദം ബാധിക്കുന്നുണ്ടെന്ന് പ്രദേശവാസിയായ ലീൻ താഹർ പറഞ്ഞു. മെട്രോലിൻക്സിൽ വിവരം അറിയിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ലെന്ന് ലീൻ പറയുന്നു. അതേസമയം കിങ്-ബാതർസ്റ്റ്, ക്വീൻ-സ്പഡൈന, ഓസ്ഗൂഡ്-ക്വീൻ എന്നിവയുൾപ്പെടെ ഒന്നിലധികം സ്റ്റേഷൻ സൈറ്റുകളിൽ ശബ്ദം കുറയ്ക്കുന്നതിനാണ് അക്കോസ്റ്റിക് ഷെൽട്ടറുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് മെട്രോലിൻക്സ് പറയുന്നു. എന്നാൽ ക്വീൻ-സ്പഡൈന സൈറ്റിൽ പ്രത്യേകമായി ഒരു അക്കോസ്റ്റിക് ഷെൽട്ടർ നിർമ്മിക്കുമോ എന്നത് മെട്രോലിൻക്സ് വ്യക്തമാക്കിയിട്ടില്ല. ഏകദേശം 16 കിലോമീറ്ററും 15 സ്റ്റോപ്പുകളുമുള്ള ഒൻ്റാരിയോ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 2019-ലാണ് ഫോർഡ് സർക്കാർ ആരംഭിച്ചത്. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 1,100 കോടി ഡോളറാണ്. 2031 ഓടെ ഒൻ്റാരിയോ ലൈൻ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
