ഇസ്താംബുൾ : തുർക്കി നഗരമായ ഇസ്താംബുളിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നൂറ്റിയമ്പതിലധികം പേർക്ക് പരുക്കേറ്റതായി ഇസ്താംബുൾ ഗവർണറുടെ ഓഫീസ് അറിയിച്ചു. ഇസ്താംബൂളിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, മർമര കടലിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12.49-നാണ് ഭൂചലനം അനുഭവപ്പെട്ടത്.

അയൽ പ്രവിശ്യകളായ ടെക്കിർദാഗ്, യലോവ, ബർസ, ബാലികേസിർ എന്നിവിടങ്ങളിലും ഇസ്താംബുളിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ തെക്ക് ഇസ്മിർ നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം 13 സെക്കൻഡ് നീണ്ടുനിന്നതായും തുടർന്ന് അമ്പതിലധികം തുടർചലനങ്ങൾ ഉണ്ടായതായും ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.