ടൊറൻ്റോ : മിസ്സിസാഗയിലെ പെട്രോ-കാനഡ പമ്പിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പീൽ റീജനൽ പൊലീസ്. ബീ ഓൺ ദി ലുക്ക്ഔട്ട് (BOLO) പ്രോഗ്രാമിൽ ഉൾപ്പെട്ട, കാനഡയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിലൊരാളായ ധരം ധലിവാൾ (32)നെയാണ് തിരയുന്നത്. ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്നും പൊലീസ് അറിയിച്ചു.

2022 ഡിസംബർ 3-ന് മിസ്സിസാഗ ക്രെഡിറ്റ് വ്യൂ റോഡിൻ്റെയും ബ്രിട്ടാനിയ റോഡ് വെസ്റ്റിൻ്റെയും സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ നടന്ന വെടിവയ്പിൽ ധരം ധലിവാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ബ്രാംപ്ടൺ സ്വദേശിനി പവൻപ്രീത് കൗർ (21) വെടിയേറ്റ് മരിച്ചിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ, പവൻപ്രീത് കൗർ, ധലിവാളിനെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പവൻപ്രീത് കൗറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ധരം ധലിവാളിന്‍റെ രണ്ട് കുടുംബാംഗങ്ങളെ 2023 ഏപ്രിൽ 18-ന് ന്യൂബ്രൺസ്വിക് മോങ്ക്ടണിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. പ്രിത്പാൽ ധലിവാൾ (25), അമർജിത് ധലിവാൾ (50) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകകുറ്റം ചുമത്തിയിട്ടുണ്ട്.

അഞ്ചടി ഏഴടി ഉയരമുള്ള ധരം ധലിവാളിന്, കറുത്ത മുടിയും തവിട്ടുനിറമുള്ള കണ്ണുകളും ഇടതുകൈയിലും കൈത്തണ്ടയിലും പച്ചകുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ധരം ധലിവാൾ ആയുധധാരിയും അപകടകാരിയുമാണെന്നും ഇയാളെ കണ്ടെത്തുന്നവർ സമീപിക്കരുതെന്നും ഉടൻ അധികൃതരുമായി 905-453-3311, 1-800-222-8477 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.