മൺട്രിയോൾ : വേതന വർധന ആവശ്യപ്പെട്ട് മൺട്രിയോളിലെ ഐകെഇഎ സ്റ്റോറിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. ഫർണിച്ചർ ഷോപ്പിലെ ജീവനക്കാർക്ക് കോസ്റ്റ്കോ പോലുള്ള മറ്റ് റീട്ടെയിലർമാരിലെ തൊഴിലാളികളേക്കാൾ കുറഞ്ഞ വേതനം മാത്രമേ ലഭിക്കുന്നുള്ളുവെന്നും പണിമുടക്ക് മാത്രമാണ് അവസാന മാർഗ്ഗമെന്നും യൂണിയൻ സിഎസ്എൻ-അഫിലിയേറ്റഡ് സിൻഡിക്കേറ്റ് ഡി’ഐകെഎ ഡി മൺട്രിയോൾ പറയുന്നു.

ജീവനക്കാർക്ക് മണിക്കൂറിൽ ഏകദേശം 30 ഡോളർ ലഭിക്കണമെന്ന് ഏകദേശം 450 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. ഐകെഇഎ-യിലെ ഉയർന്ന തസ്തികകളിലുള്ള ജീവനക്കാർക്ക് പോലും നിലവിൽ മണിക്കൂറിൽ 25.42 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും യൂണിയൻ പ്രസിഡൻ്റ് എലി സെട്രെൻ പറയുന്നു. 14% വേതന വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ, നാല് വർഷത്തിനുള്ളിൽ ജീവനക്കാർക്ക് അഞ്ച് ശതമാനം വേതന വർധനയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഉയർന്ന ഇന്ധനവില, ഭക്ഷണത്തിന്റെയും വീടുകളുടെയും വാടകയുടെയും വില വർധിച്ചതും പരിഗണിക്കുമ്പോൾ കമ്പനി നിർദ്ദേശിക്കുന്ന വേതന വർധന പര്യാപ്തമല്ലെന്ന് എലി സെട്രെൻ പറഞ്ഞു. യൂണിയൻ അംഗങ്ങൾ 10 ദിവസത്തെ പണിമുടക്കിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും എന്നാൽ കരാർ ഒപ്പുവെച്ചാലുടൻ പണിമുടക്ക് അവസാനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. തിങ്കളാഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് എലി സെട്രെൻ പറഞ്ഞു.